തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

ചെന്നൈ:തമിഴ്‌നാടിന്റെ വികസനം മുഖ്യമന്ത്രി സി. ജോസഫ് വിജയുമൊത്ത് ചേർന്ന് മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചെന്നൈയിലെ ഐ.ഐ.ടി മദ്രാസ് കേന്ദീയ വിദ്യാലയ മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പതിനായിരം കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിന് പുറമേ റോഡ്, റയിൽവേ, തുറമുഖം, പെട്രോളിയം തുടങ്ങിയ വിവിധ മേഖലകളിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിച്ചു.

 

തമിഴ്‌നാടിന്റെ സമഗ്രമായ വളർച്ചയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി വിജയ് ചൂണ്ടിക്കാട്ടി. ചെന്നൈ മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിനും വിമാനത്താവളം മുതൽ കിൽപാക്കം വരെയുള്ള പാതകൾക്കും കേന്ദ്രത്തിന്റെ അടിയന്തര അംഗീകാരം വിജയ് ആവശ്യപ്പെട്ടു. ഇതിനു പുറമേ ചെന്നൈ-കന്യാകുമാരി, ചെന്നൈ-കോയമ്പത്തൂർ അതിവേഗ റയിൽ ഇടനാഴികളും കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ പുതിയ മെട്രോ പദ്ധതികളും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

 

ചെന്നൈ സന്ദർശന വേളയിൽ നഗരത്തിലെ മറ്റ് പ്രധാന ചടങ്ങുകളിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്തു. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ ആദ്യ സർവീസ് ഇരുവരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയും ഒന്നിച്ചു യാത്ര നടത്തുകയും ചെയ്തു. ചടങ്ങിൽ തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. പുതിയ വികസന പദ്ധതികൾ തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!