വളാഞ്ചേരി: സ്കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്. വയഡക്ട് ആരംഭിക്കുന്നിടത്ത് വെള്ളിയാഴ്ച രാത്രി 11:45-ഓടെയാണ് അപകടം.
അപകടത്തെത്തുടർന്ന് അഫ്സലിന്റെ മൃതദേഹം അരമണിക്കൂറോളം സംഭവസ്ഥലത്തുനിന്ന് മാറ്റാനാകാതെ കുടുങ്ങിക്കിടന്നു. അഫ്സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ. അമിതവേഗത്തിലെത്തിയ ലോറിയുടെ ഇടയിൽ സ്കൂട്ടർ യാത്രക്കാർ പെടുകയായിരുന്നു.
