പീരുമേട്ടിൽ ഇരട്ടക്കൊലപാതകം: കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു

ഇടുക്കി :പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പ്രിയങ്ക (30), അമ്മ വസന്ത (നേസം – 62) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ (ഇസ്രാവേൽ) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയും പ്രിയങ്കയുടെ ഭർത്താവുമായ പ്രിൻസിനെ (34) നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.

ബുധനാഴ്ച വൈകുന്നേരം ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയ പ്രതിയും പ്രിയങ്കയുമായി ലയത്തിൽ വെച്ച് കടുത്ത തർക്കമുണ്ടാവുകയും, തുടർന്ന് പ്രിൻസ് കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് വസന്തയ്ക്കും ഇസ്രയേലിനും വെട്ടേറ്റത്. പ്രിയങ്കയും വസന്തയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

പ്രിൻസും പ്രിയങ്കയും തമ്മിൽ ദീർഘനാളായി നിലനിന്നിരുന്ന കുടുംബവഴക്കാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പീരുമേട്, വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നിയമനടപടികൾ സ്വീകരിച്ചു വരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!