തൃശ്ശിലേരി :മുത്തുമാരിയിൽ കാട്ടാന കുത്തനെയുള്ള ചരിവില്‍ നിന്നു താഴേക്ക് തെന്നിവീണ കാട്ടാനക്കുട്ടി ചരിഞ്ഞു. താഴേക്ക് ഉരുണ്ടുപോയ ആനക്കുട്ടിയെ രക്ഷിക്കാനുള്ള മുതിർന്ന ആനകളുടെ ശ്രമം വിഫലമായി. തൃശ്ശിലേരി മുത്തുമാരിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഏകദേശം ഒന്നര വയസ്സു പ്രായമുള്ള പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്. വൈകീട്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചരിഞ്ഞ കുട്ടിയാനയുടെ സമീപത്ത് ആനക്കൂട്ടം തമ്പടിച്ചതിനാൽ ആനയുടെ ജഡം തിങ്കളാഴ്ച മറവു ചെയ്യാനായില്ല.
ഞായറാഴ്ച രാവിലെ ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. കണ്ണന്റെ നേതൃത്വത്തിൽ ആർ.ആർ.ടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.സി. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.യു. പ്രജീഷ്, കെ.എം. വിഷ്ണു എന്നിവരടങ്ങുന്ന വനപാലകസംഘം സ്ഥലത്തെത്തി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയ ശേഷമാണ് കുട്ടിയാനയുടെ ജഡം നീക്കിയത്.
ബെംഗളൂരു സ്വദേശിയായ വിജിത്തിന്റെ തോട്ടത്തിലെ ചരിവിലാണ് ആനക്കുട്ടി തെന്നിവീണത്. തോട്ടത്തിനു ചുറ്റിലുമായി സ്ഥാപിച്ച വൈദ്യുതിവേലി തകർത്താണ് ആനക്കൂട്ടമെത്തിയത്. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് കുട്ടിയാന വീഴുന്നതും കൂടെയുണ്ടായിരുന്ന ആനകൾ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതും പതിഞ്ഞത്. തോട്ടത്തിലെ മറ്റു ക്യാമറകൾ ആന തകർത്തിട്ടുണ്ട്. വെറ്ററിനറി ഡോക്ടർമാരായ എസ്. ശ്യാം, ലക്ഷ്മി എസ്. അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ കുട്ടിയാനയുടെ ജഡം വനപാലകരുടെ നേതൃത്വത്തിൽ മറവു ചെയ്തു.
