ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം അമൃതാനന്ദമയി മാനന്തവാടിയിൽ

മാനന്തവാടി: ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം ശ്രീ മാതാ അമൃതാനന്ദമയി ദേവി മാനന്തവാടിയിലെത്തി. ഇന്നും നാളെയുമായി നടക്കുന്ന ബ്രഹ്മസ്ഥാന മഹോത്സവത്തിൽ അമ്മ മുഖ്യകാർമികത്വം വഹിക്കും. മന്ത്രധ്വനികളും വാദ്യഘോഷങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ എത്തിയ അമ്മയെ മാതാ അമൃതാനന്ദമയി മഠം മാനന്തവാടി മഠാധിപ ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ, സംഘാടക സമിതി ചെയർമാൻ എൻ.കെ. മന്മഥൻ എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകിയാണ് സ്വീകരിച്ചത്.

മഠത്തിലെ മുതിർന്ന സന്യാസശിഷ്യരും ബ്രഹ്മചാരികളും ബ്രഹ്മചാരിണിമാരും ആശ്രമ അന്തേവാസികളും അമ്മയോടൊപ്പം എത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് വ്യാഴാഴ്ച കൊടിയേറുന്നതോടെ മാനന്തവാടി ഭക്തിനിർഭരമാകും. രാവിലെ 11-ഓടെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തുന്ന അമ്മയെ വിശിഷ്ട വ്യക്തികൾ ഹാരാർപ്പണം നടത്തി സ്വീകരിക്കും. തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ ധ്യാനം, സത്സംഗം, ഭജന എന്നിവയും ദർശനവും നടക്കും.

മഹോത്സവത്തിൽ പങ്കെടുക്കാനും അമ്മയെ ദർശിക്കാനുമെത്തുന്ന ഭക്തർക്കായി ആശ്രമത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ബ്രഹ്മസ്ഥാന പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!