തിരുവനന്തപുരം: എ.ഡി.ജി.പി. പി. വിജയന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു . മദ്യപിച്ചുള്ള വാഹനമോടിക്കൽ, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, ലഹരിമരുന്ന്-അബ്കാരി കേസുകൾ എന്നിവ കണ്ടെത്തുക എന്നതായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.
ഇതിനുപുറമെ, വാറന്റുകൾ നടപ്പിലാക്കുക, കാപ്പ, പി.ഐ.ടി.-എൻ.ഡി.പി.എസ്. നിയമപ്രകാരം നടപടി നേരിടുന്നവരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചു. അബ്കാരി നിയമപ്രകാരം 631 കേസുകളും, കോട്പ നിയമപ്രകാരം 382 കേസുകളും, എൻ.ഡി.പി.എസ്. നിയമപ്രകാരം 177 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒക്ടോബർ 29 വൈകുന്നേരം നാല് മണി മുതൽ ഒക്ടോബർ 30 രാവിലെ 8 മണി വരെയാണ് പരിശോധനകൾ നടന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് വ്യാപക പരിശോധന നടത്തിയത്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 124 കേസുകളും ഗെയിമിംഗ് ആക്ട് പ്രകാരം 30 കേസുകളും സ്പെഷ്യൽ ലോക്കൽ ലോ പ്രകാരം 523 കേസുകളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ 796 പരിശോധനകൾ നടത്തുകയും, 469 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറന്റുകളും 87 ലോംഗ് പെൻഡിംഗ് വാറന്റുകളും പോലീസ് നടപ്പിലാക്കുകയും ചെയ്തു
