കാസർകോട്: ലോഡ്ജ് മുറിയിൽ വെച്ച് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവതിയും യുവാവും പൊലീസിന്റെ പിടിയിലായി.കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളം സ്വദേശി മുഹമ്മദ് റാഫി (31), ബേള കടമ്പള സ്വദേശിനി ഷെരീഫ (35) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.കാസർകോട് നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.
മുറിയിലെത്തിയ പൊലീസ് അലമാരയിലും മേശവലിപ്പുകളിലും ബാഗുകളിലും വിശദമായി തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഷെരീഫ ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് 0.59 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പൊലീസ് മുറിയുടെ കോളിങ് ബെൽ അടടിച്ചതോടെ ഭയന്ന റാഫി, തന്റെ പക്കലുണ്ടായിരുന്ന എംഡിഎംഎ ബലമായി തന്റെ പോക്കറ്റിലേക്ക് ഇടുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി.
മാങ്ങാട് സ്വദേശിയായ യുവാവിൽ നിന്ന് 3,000 രൂപ നൽകിയാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് റാഫി സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
