‘പ്രധാനമന്ത്രിയുടെ 8000 രൂപ ദീപാവലി സമ്മാനം’ നിങ്ങള്‍ക്കും കിട്ടിയോ? എങ്കില്‍ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 8,000 രൂപയുടെ ക്യാഷ് ആനുകൂല്യം നല്‍കുന്നു എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമാണ്. ഈ പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും
പണം ലഭിക്കാൻ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമാണ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് തികച്ചും വ്യാജ സന്ദേശമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉത്സവകാലം മുതലെടുത്ത് തട്ടിപ്പുകള്‍ക്ക് ഔദ്യോഗിക മുഖം നല്‍കാനാണ് ശ്രമിക്കുന്നതെന്നാണ് തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ മുന്നറിയിപ്പ്. ഉത്സവകാലത്ത് നേരത്തേയും വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
ഇത്തരം ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നത് വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ചോർത്താൻ ലക്ഷ്യമിട്ടുള്ള വ്യാജ വെബ്സൈറ്റുകളിലേക്ക് എത്തിച്ചേക്കാമെന്നും അതിലൂടെ നിങ്ങളുടെ ഫോണിന്റെയും അക്കൗണ്ടിന്റെയും നിയന്ത്രണം അന്യർ കൈവശപ്പെടുത്തുകയും അങ്ങനെ അക്കൗണ്ടിലുള്ള പണം പൂർണമായി നഷ്ടപ്പെടാൻ കാരണമായേക്കാമെന്നുമാണ് അധികൃതർ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഇത്തരം ലിങ്കുകള്‍ ക്ലിക്കുചെയ്യുകയോ അവ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യുകയോ അരുതെന്നും സൈബർ സെക്യൂരിറ്റി ബ്യൂറോ നിർദ്ദേശിച്ചു.
ആധാർ, ബാങ്കിംഗ് വിവരങ്ങള്‍,വണ്‍ടൈം പാസ്‌വേഡുകള്‍ തുടങ്ങിയവ സ്ഥിരീകരിക്കാത്ത വെബ്‌സൈറ്റുകളില്‍ പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അറിയാത്ത ഫോണ്‍നമ്പരുകളില്‍ നിന്നോ ഉറവിടങ്ങളില്‍ നിന്നോ ലഭിക്കുന്ന സന്ദേശങ്ങളിലെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാൻ ഫീസ് അടയ്ക്കരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അനധികൃത ഇടപാടിലൂടെ പണം നഷ്ടപ്പെട്ടാല്‍ എത്രയും പെട്ടെന്ന് പരാതി നല്‍കുകയും ബാങ്കുമായി ബന്ധപ്പെടുകയും വേണം.
