തിരുവനന്തപുരം:പെട്രോളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍ക്കുന്നുവെന്ന കര്‍ണാടകയിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും പരിശോധന.സംസ്ഥാനത്തെ നാല് ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്താന്‍ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉത്തരവിട്ടു. മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മീഷണറോട് പരിശോധനകള്‍ നടത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. പെട്രോളില്‍ അമിതമായ അളവില്‍ എഥനോള്‍ കലര്‍ത്തുന്നതായി ഇതുവരെ സംസ്ഥാനത്ത് ഒരു സംഭവവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയായി പരിശോധനകള്‍ക്ക് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയക്കും. സെന്‍ട്രല്‍ മോട്ടോര്‍ സ്പിരിറ്റ് ആന്‍ഡ് ഹൈ സ്പീഡ് ഡീസല്‍ (റെഗുലേഷന് ഓഫ് സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് മാല്പ്രാക്റ്റീസസ്) ഓര്‍ഡര്‍, 2005′ പ്രകാരം സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മീഷണര്‍ മുതല്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ നടത്താനും നിയമനടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ടെന്ന് മന്ത്രി അറിയിച്ചു.
എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പെട്രോളില്‍ അനുവദനീയമായ 20 ശതമാനം എന്ന പരിധിക്ക് മുകളില്‍ എഥനോള്‍ കലര്‍ത്തി വില്‍ക്കുന്നുവെന്ന കര്‍ണാടകയുടെ ആരോപണത്തെത്തുടര്‍ന്നാണ് പരിശോധന. ചില പരിശോധനകളില്‍ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു, കോലാര്‍, ചിക്കബല്ലാപുര, ബെംഗളൂരു റൂറല്‍, രാമനഗര, മംഗളൂരു, തുമകുരു എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതെന്ന് കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ, ലീഗല്‍ മെട്രോളജി മന്ത്രി റിസ്വാന് അര്‍ഷാദ് അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കര്‍ണാടകയിലെ ചില റീട്ടെയില്‍ ഔട്ട്ലെറ്റുകളില് വില്‍ക്കുന്ന പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന വാദം പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ തള്ളി. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍, കര്‍ണാടക സര്‍ക്കാരിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടതായി അറിയിച്ചു.
