നീലഗിരി :ഗൂഡല്ലൂർ ചേരമ്പാടിക്ക് സമീപം കേരള അതിർത്തിയിൽ വയനാട് സ്വദേശിയായ യുവാവിനെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവർന്നതായി പരാതി. സുൽത്താൻ നായ്ക്കട്ടി സ്വദേശി മുഹമ്മദ് ഷെരീഫാണ് കവർച്ചയ്ക്ക് ഇരയായത്. കർണാടകയിൽ നിന്ന് കാറിൽ വയനാട്ടിലേക്ക് വരികയായിരുന്ന ഷെരീഫിനെ വൈകുന്നേരത്തോടെ പിന്നാലെയെത്തിയ സംഘം വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി കാറടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് കേരള-തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടി പൊലീസ് സംഘം കവർച്ചക്കാരെ പിന്തുടർന്നു.
പൊലീസ് വാഹനം പിന്നാലെയെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംഘം കാറും ഷെരീഫിനെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഷെരീഫിന്റെ കാറിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിൽ 1.14 കോടി രൂപ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിൽനിന്ന് 45 ലക്ഷം രൂപയാണ് അജ്ഞാതസംഘം കവർന്നത്. ഷെരീഫും കബീർ എന്നയാളും ചേർന്ന് കർണാടകയിൽനിന്ന് സ്വർണം വാങ്ങി പണമാക്കി മാറ്റുന്ന ഇടപാടാണ് നടത്തിവന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കവർച്ചയ്ക്ക് പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനൊപ്പം പണത്തിന്റെ ഉറവിടം, സ്വർണ ഇടപാടുകൾ, ഹവാല ബന്ധങ്ങൾ എന്നിവയിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
