കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, ഹരിയാന സ്വദേശിയായ പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് നോയിഡയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോളേജിലെ അധ്യാപകരുടെ അധിക്ഷേപത്തെ തുടർന്നാണ് നിതിൻരാജ് ജീവനൊടുക്കിയതെന്നാണ് ആരോപണം. അതേസമയം നിതിൻരാജ് അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആപ്പ് മുഖേന ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഇവരിൽ നിന്നുള്ള ഭീഷണി നിതിൻ നേരിട്ടതായി പരാതിയുണ്ട്.
പിന്നാലെയാണ് ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരേയും പൊലീസ് കേസെടുത്തത്. ഈ കേസിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് നോയിഡയിൽ നിന്നും പൊലീസ് ആപ്പ് നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രിൻസിപ്പലിൻ്റെ മുറിയിൽനിതിൻ രാജ് എത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. നിതിൻ രാജിൻ്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ മുറിയിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിദ്യാർഥി ജീവനൊടുക്കിയത്.




