ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്ക്(22) കല്ലേറിൽ പരുക്കേൽക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചായിരുന്നു സംഭവം.

 

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയായിരുന്നു കല്ലേറ് നടന്നത്. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. ആലുവ യുസി കോളജിലെ ബയോ ഇൻഫർമാറ്റിക് പിജി വിദ്യാർഥിയാണ് ഐശ്വര്യ.‌

 

അന്നേ ദിവസം ഇതേ സ്ഥലത്ത് വച്ച് വന്ദേഭാരതിനു നേരെയും കല്ലേറുണ്ടായിരുന്നു. പ്രദേശം ഒറ്റപ്പെട്ട സ്ഥലമാണ്. കല്ലെറിഞ്ഞ പാളത്തിനരികിലെ വീടുകളിലൊന്നും സിസിടിവിയില്ല. സമീപ പ്രദേശത്തെയും ഇടവഴിയിലെയും ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഈ ഭാഗത്തു വരുന്നതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. മലപ്പുറം വള്ളിക്കുന്നു മുതൽ മാഹി വരെ പൊലീസ് നിരീക്ഷണവും നടത്തിയിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *