വലിയ വിമാനങ്ങൾ മൈസൂരുവിലെത്തും; വിമാനത്താവള വികസനത്തിലെ തടസ്സങ്ങൾ നീക്കാൻ എം.പിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

മൈസൂരു: ഏറെ കാലമായി മുടങ്ങിക്കിടക്കുന്ന മൈസൂരു വിമാനത്താവള വികസന പദ്ധതി വേഗത്തിലാക്കാൻ മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വിമാനത്താവള വികസനത്തിന് പ്രധാന തടസ്സമായി നിൽക്കുന്ന ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ എം.പി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

 

റൺവേ വികസനം ഒന്നാം ഘട്ടത്തിലേക്ക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നിലവിലുള്ള 1,740 മീറ്റർ റൺവേ 2,300 മീറ്ററായി നീളം കൂട്ടും. ഇതോടെ എയർബസ് എ-320, ബോയിംഗ് 737 തുടങ്ങിയ വലിയ വിമാനങ്ങൾക്ക് മൈസൂരുവിൽ സർവീസ് നടത്താൻ സാധിക്കും. ഇതിനാവശ്യമായ 240 ഏക്കറിൽ 206 ഏക്കർ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെങ്കിലും മന്ദകള്ളി ഭാഗത്തുള്ള ഏഴ് ഏക്കർ റവന്യൂ ഭൂമിയുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ പദ്ധതിയെ ബാധിക്കുന്നുണ്ട്. ഈ തടസ്സങ്ങൾ നീക്കി ഏറ്റെടുത്ത ഭൂമിയിലെ ഉടമകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് എം.പിനിർദ്ദേശിച്ചു

 

ദേശീയപാത 766 തിരിച്ചുവിടലും തുരങ്ക പാതയും റൺവേ നീളം കൂട്ടുന്നതിനായി വയനാട്-മൈസൂരു പാതയായ ദേശീയപാത 766 തിരിച്ചുവിടുന്ന കാര്യവും യോഗം ചർച്ച ചെയ്തു. 3.5 കിലോമീറ്റർ പാത തിരിച്ചുവിടുന്നതിനായി 520 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം ഉൾപ്പെടെ 612 കോടി രൂപയുടെ പദ്ധതിയാണ് ദേശീയപാത അതോറിറ്റി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ അധികച്ചെലവ് ആര് വഹിക്കണം എന്ന കാര്യത്തിൽ എയർപോർട്ട് അതോറിറ്റിയും ദേശീയപാത അതോറിറ്റിയും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

മൈസൂരുവിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഗതാഗത സൗകര്യങ്ങൾക്കും ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് ചാമരാജ എം.എൽ.എ ജി.ടി. ദേവെഗൗഡയും യോഗത്തിൽ ചൂണ്ടിക്കാട്ടി. വിമാനത്താവള വികസനം പൂർത്തിയാകുന്നതോടെ വയനാട് ജില്ലയിലുള്ളവർക്കും അന്താരാഷ്ട്ര യാത്രകൾക്ക് മൈസൂരുവിനെകൂടുതൽ ആശ്രയിക്കാൻ സാധിക്കും

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *