കൊച്ചി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കൂട്ടിയതിന് പിന്നാലെ ഉൽപ്പനങ്ങൾക്ക് വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് ഹോട്ടൽ ഉടമകൾ. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം ആയിരം രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിനുള്ള 18 ശതമാനം ജിഎസ്ടിയിലൂടെ 500 രൂപയാണ് നികുതി നൽകേണ്ടിവരുന്നത്. മെയ് ആറിലെ പണിമുടക്കിനൊപ്പം ഓയിൽ കമ്പനിക്ക് മുന്നിൽ ധർണ നടത്തുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.
ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് മെയ് ആറിന് ഹോട്ടലുകൾ അടച്ചിടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എൽപിജി വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഒറ്റയടിക്ക് ഇത്രയധികം വില വർധിപ്പിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയിൽ എൽപിജി വില 2031 രൂപയിൽ നിന്നും 3024 രൂപയായി വർധിച്ചു. 3085 രൂപയാണ് ഇന്ന് പ്രാബല്യത്തിൽ വന്നവിധം കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ. ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് വലിയ ആഘാതമാണ് ഈ കനത്ത വിലക്കയറ്റം.



