തിരുവനന്തപുരം:മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു. മൂന്ന് സിറ്റിംഗ് സീറ്റാണ് പോയത്. രണ്ട് മന്ത്രിമാരുടെ സീറ്റാണ് പോയത്. സിപിഐഎം ബിജെപി ഡീല്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പൂര്‍ണമായി കേരളത്തില്‍ അത് നടപ്പായില്ല. ചില സ്ഥലങ്ങളിലെങ്കിലും നടപ്പായി. ഒരു വെള്ളിത്തളികയില്‍ വച്ചിട്ടാണ് അവര്‍ക്ക് ആ സീറ്റ് നല്‍കിയത് സിപിഐഎമ്മാണ് – അദ്ദേഹം പറഞ്ഞു.
തന്റെ ആത്മവിശ്വാസത്തിനുള്ള കാരണത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. നമ്മള്‍ നടത്തിയൊരു കഠിനാധ്വാനമുണ്ട്. നമ്മള്‍ പുറത്ത് നടത്തുന്ന പ്രവര്‍ത്തനം മാത്രമാണ് നമ്മള്‍ കാണുന്നത്. നിശബ്ദമായി ഞങ്ങള്‍ നടത്തുന്നൊരു പ്രവര്‍ത്തനമുണ്ട്. പുറത്ത് നടത്തിയ പ്രവര്‍ത്തനത്തിന്റെ പത്തിരട്ടി നിശബ്ദമായി നടത്തിയിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കി, അത് തിരുത്താന്‍ വേണ്ടി നടത്തിയ ഒരു ശ്രമമുണ്ട്. ഇപ്പോള്‍ കുറേ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു കൂടിച്ചേരല്‍ മാത്രമല്ല യുഡിഎഫ് എന്നും വിശാലമായൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം കൂടിയാണെന്ന് ഒരു സമയത്ത് ഞാന്‍ പറഞ്ഞതും അതുകൊണ്ടാണ്. അവരെയെല്ലാം തിരിച്ചുകൊണ്ടുവന്നത് ടീം യുഡിഎഫിന്റെ ശ്രമഫലമായാണ്. ഗവണ്‍മെന്റിനെ വിമര്‍ശിക്കുക പ്രതിപക്ഷത്തിന്റെ ജോലിയാണ്. ഞങ്ങള്‍ അത് മാത്രമല്ല ചെയ്തത്. ഗവണ്‍മെന്റ് പരാജയപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ എന്ത് ചെയ്യും എന്നൊരു ഗൃഹപാഠം ഞങ്ങള്‍ നടത്തി. ഓരോന്നിനും ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ക്ക് ബദല്‍ നിര്‍ദേശങ്ങളുണ്ടായിരുന്നു. സര്‍ക്കാരിനെതിരായ വികാരത്തിനൊപ്പം ഞങ്ങള്‍ വന്നാലുണ്ടാകുന്ന പോസിറ്റീവായ ഘടകങ്ങളും സ്വാധീനിച്ചു – അദ്ദേഹം പറഞ്ഞു.




