കല്‍പറ്റ: വയനാട് ജില്ലയില്‍ യു ഡി എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം വ്യക്തിഹത്യ നടത്തി നേട്ടം കൊയ്യാന്‍ ശ്രമിച്ച സി പി എമ്മിനുള്ള കനത്ത പ്രഹരമാണെന്ന് ജില്ലാ യു ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കല്‍പറ്റ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിനെതിരെയും, ബത്തേരി മണ്ഡലം സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണനെതിരെയും വ്യക്തിഹത്യ പരാമര്‍ശങ്ങള്‍ നടത്തി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിച്ചത്. ഇതിനുള്ള കനത്ത അടിയാണ് ബത്തേരിയിലെയും കല്‍പറ്റയിലെയും വോട്ടര്‍മാര്‍ എല്‍ ഡി എഫിന് നല്‍കിയത്. ഒ ആര്‍ കേളുവിന്റെ പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് മാനന്തവാടിയിലെ ഉഷ വിജയന്റെ തകര്‍പ്പന്‍ ജയം. ജനഹിതം മാനിച്ച് വയനാടിന്റെ സമഗ്രവികസനത്തിനായി എം എല്‍ എമാരുടെയും പുതിയ സര്‍ക്കാരിന്റെയും സേവനം ലഭ്യമാക്കാന്‍ യു ഡി എഫ് പ്രതിജ്ഞാബദ്ധമാണെന്നും യോഗം വിലയിരുത്തി.
രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടി പദ്ധതി പുതിയ യു ഡി എഫ് സര്‍ക്കാര്‍ രൂപീകൃതമാകുന്നതോടെ നടപ്പിലാക്കും. വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന വയനാട് ഡോക്യൂമെന്റ് പ്രസിദ്ധീകരിക്കുകയും നിര്‍ദേശങ്ങള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും ചെയ്യും. കല്‍പറ്റയിലെ ടൗണ്‍ഷിപ്പുമായി ഉയര്‍ന്നു വന്ന വിഷയങ്ങള്‍ യു ഡി എഫ് തലത്തില്‍ വിശദമായ പരിശോധന നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും.
മാനന്തവാടി മെഡിക്കല്‍ കോളജ്, വന്യമൃഗ-മനുഷ്യ സംഘര്‍ഷങ്ങള്‍, ബദല്‍ പാതകള്‍, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, പട്ടിക വര്‍ഗ സങ്കേതങ്ങളിലെ ശോചനീയാവസ്ഥ തുടങ്ങിയവ പരിഹരിക്കുന്നതിനായി പുതിയ സര്‍ക്കാരില്‍ ജില്ല യു ഡി എഫ് ശക്തമായ സമ്മര്‍ദം ചെലുത്തും. വയനാടിന്റെ എം പി പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം വയനാടിന്റെ സമഗ്രപുരോഗതിക്കായി ഉപയോഗപ്പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും ചരിത്ര വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്കും ചിട്ടയായ പ്രവര്‍ത്തനം നടത്തിയ കോണ്‍ഗ്രസിന്റെയും ഘടക കക്ഷികളുടെയും മുഴുവന്‍ നേതാക്കളേയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ എച്ച് ബി പ്രദീപ് മാസ്റ്റര്‍, ഡി സി സി പ്രസിഡന്റ് അഡ്വ ടി ജെ ഐസക്ക്, മുസ് ലിം ലീഗ് ജില്ലാ ആക്ടിങ് പ്രസിഡന്റ് എന്‍ കെ റഷീജ്, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, നിയുക്ത എം എല്‍ എമാരായ അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, പി കെ ജയലക്ഷ്മി, പി പി ആലി, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, പി കെ അബ്ദുറഹ്‌മാന്‍, ഒ വി അപ്പച്ചന്‍, മാണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.



