കൊച്ചി:സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇന്നലെ താഴ്ന്ന സ്വർണവില, ഇന്ന് ഒറ്റയടിക്ക് വർധിച്ചു. ഇതോടെ സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,560 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി ഉയർന്നു. ഇന്നലെ 1,09,400 രൂപയായിരുന്നു പവൻ നിരക്ക്.
ഗ്രാം വിലയിലും വലിയ മാറ്റമാണ് ഇന്ന് ദൃശ്യമായത്. പണിക്കൂലിയും നികുതിയും കൂടാതെയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലത്തെ 13,675 രൂപയിൽ നിന്ന് 13,870 രൂപയിലെത്തി. ഏകദേശം 195 രൂപയുടെ വർധനവാണ് ഗ്രാമിന് മാത്രം ഉണ്ടായത്. മെയ് നാലിന് പവൻ വില 1,10,680 രൂപ വരെ പോയെങ്കിലും പിന്നീട് അത് 1,09,400 രൂപയിലേക്ക് താഴ്ന്നിരുന്നു. അവിടെ നിന്നാണ് ഇന്ന് വീണ്ടും വലിയൊരു മുന്നേറ്റം നടത്തിയിരിക്കുന്നത്.



