സുൽത്താൻബത്തേരി : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റbരണ്ട് യുവാക്കൾക്ക് ഒന്നരക്കോടി രൂപയോളം (1,46,76,070 രൂപ) നഷ്ടപരിഹാരം നൽകാൻ വയനാട് ജില്ലാ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പള്ളിക്കുന്ന് സ്വദേശി ജസീൽ ജോസ് (31), ബത്തേരി കുപ്പാടി സ്വദേശി അരുൺ (28) എന്നിവർക്കാണ് അനുകൂല വിധി ലഭിച്ചത്.
2023 ഡിസംബർ 18നായിരുന്നു കേസിനാസ്‌പദമായ സംഭവം. മീനങ്ങാടി കൃഷ്ണഗിരിയിൽ വെച്ച് യുവാക്കൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ലോറികളെ മറികടന്ന് തെറ്റായ ദിശയിൽ പാഞ്ഞുവന്ന കാർ യുവാക്കളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി.അപകടത്തിൽ പരിക്കേറ്റവർക്ക് ഉണ്ടായ ശാരീരികമായ ആഘാതവും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് ജഡ്‌ജി എ.വി. ഉണ്ണികൃഷ്ണൻ വിധി പ്രസ്താവിച്ചത്.

