കൊല്ലം:വ്യാജ രേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ ഏജന്റുമാർ പിടിയില്‍. കല്ലുംതാഴം വലിയമാടം കളരികിഴക്കതില്‍ വീട്ടില്‍ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലില്‍ നിന്ന് വടക്കേവിള ദർശന നഗർ 226 ല്‍ വാടകയ്ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.മൊബൈല്‍ ഫോണും വ്യാജ ആധാർ കാർഡുകളും ഉള്‍പ്പെടെ നിരവധി രേഖകളും പോലീസ്പിടിച്ചെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവയവം നല്‍കിയ വിനോദ് എന്ന യുവാവിനേയും അറസ്റ്റ് ചെയ്തു.
വ്യാജ രേഖകള്‍ നിർമ്മിച്ച് നിയമവിരുദ്ധ അവയവ കച്ചവടം നടക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലതയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജയുടെ കല്ലുംതാഴം വലിയമാടത്തുള്ള വീട്ടില്‍ കിളികൊല്ലൂർ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ സുപ്രധാന തെളിവുകള്‍ ലഭിച്ചു. ശ്രീജയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെ എറണാകുളത്ത് നടന്ന അവയവ കച്ചവടത്തിന്റെ തെളിവുകളും ലഭിച്ചു. ഇതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത് . ഇവരെ ചോദ്യംചെയ്തിലൂടെ മറ്റൊരു ഏജന്റായി പ്രവർത്തിച്ച സുധീറിനെയും അവയവം നല്‍കിയ യുവാവിനെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. പിന്നാലെ ഇവരേയും അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യ പ്രതി കാസർകോട് സ്വദേശി മുഹമ്മദ് നജിബ് കല്ല് ഉള്‍പ്പടെയുള്ള പ്രതികള്‍ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊല്ലം എ.സി.പി ടി.ആർ. രാജേഷിന്റെ മേല്‍നോട്ടത്തില്‍ കിളികൊല്ലൂർ എസ്.എച്ച്.ഒ അമൃത സതീപൻ, ഇൻസ്പെക്‌ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഒമാരായ രാജഗോപാല്‍, അംബു, സി.പി.ഒമാരായ ജീനാമോള്‍, ബിനില്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

