നീറ്റ് പരീക്ഷ റദ്ദാക്കി: കേരളത്തിലെ ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ കടുത്ത ആശങ്കയിൽ

ന്യൂഡൽഹി/തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി (NEET-UG) റദ്ദാക്കാനുള്ള തീരുമാനം കേരളത്തിലെ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളെ കടുത്ത ആശങ്കയിലാഴ്ത്തി. വർഷങ്ങൾ നീണ്ട കഠിനമായ അധ്വാനത്തിന് ശേഷം എഴുതിയ പരീക്ഷ വീണ്ടും എഴുതേണ്ടി വരുന്നത് വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നതിനൊപ്പം വലിയൊരു പ്രതിസന്ധിക്കും വഴിവെച്ചിരിക്കുകയാണ്.

 

കഴിഞ്ഞ മേയ് മൂന്നിന് നടന്ന പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്നാണ് പൊതുവായ വിലയിരുത്തൽ. എന്നാൽ പരീക്ഷ റദ്ദാക്കിയതോടെ, നേരത്തെ നടത്തിയ മികച്ച പ്രകടനം പുനഃപരീക്ഷയിൽ ആവർത്തിക്കാൻ കഴിയുമോ എന്ന വലിയ ചോദ്യചിഹ്നം വിദ്യാർത്ഥികൾക്ക് മുന്നിലുണ്ട്. പലരും മികച്ച സ്കോർ പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്.

 

പരീക്ഷാ പരിശീലനത്തിനായി മാസങ്ങളോളം ദൂരസ്ഥലങ്ങളിലെ കോച്ചിംഗ് സെന്ററുകളിൽ താമസിച്ച് പഠിച്ചിരുന്നവർ വീണ്ടും അവിടേക്ക് മടങ്ങേണ്ട സാഹചര്യമാണ്. ഇത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. എൻ.ടി.എ (NTA) തീരുമാനം വന്നതോടെ പ്രമുഖ പരിശീലന കേന്ദ്രങ്ങളെല്ലാം ക്രാഷ് കോഴ്സുകളും മോക്ക് ടെസ്റ്റുകളും പുനരാരംഭിക്കാൻ ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞു.

 

ഈ വർഷം പരീക്ഷയെഴുതിയവരുടെ കൃത്യമായ കണക്കുകൾ എൻ.ടി.എ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഒന്നേകാൽ ലക്ഷത്തിലധികം മലയാളികൾ ഇത്തവണ പരീക്ഷയെഴുതിയതായാണ് അനൗദ്യോഗിക കണക്ക്. രാജ്യത്താകെ 22.79 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 1,21,516 പേരിൽ 73,328 പേർ യോഗ്യത നേടിയിരുന്നു.

 

പരീക്ഷാ തീയതി വൈകാതെ പ്രഖ്യാപിക്കുമെങ്കിലും വീണ്ടും പരീക്ഷ നടത്താൻ ചുരുങ്ങിയത് ഒന്നര മുതൽ രണ്ട് മാസം വരെ സമയം എടുത്തേക്കാം. ജൂൺ അവസാനമോ ജൂലൈ ആദ്യമോ പരീക്ഷ നടക്കാനാണ് സാധ്യത. 2024-ൽ ചോദ്യച്ചോർച്ച തടയുന്നതിനായി പരീക്ഷാ നടത്തിപ്പിൽ ഏർപ്പെടുത്തിയ നവീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് ഇത്തവണത്തെ ചോർച്ച വിരൽചൂണ്ടുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *