തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകും. ഫലപ്രഖ്യാപനം മെയ് 26 ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍പ് മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. സാധാരണ ഏപ്രില്‍ ആദ്യ വാരം തന്നെ മൂല്യനിര്‍ണയ ക്യാംപുകള്‍ ആരംഭിക്കുന്നതാണ്. ഇത്തവണ ഏപ്രില്‍ ഒന്‍പതിന് തിരഞ്ഞെടുപ്പായതിനാല്‍ 16നാണ് ക്യാംപുകള്‍ ആരംഭിച്ചത്. ഇതും ഫലപ്രഖ്യാപനം വൈകുന്നതിന്റെ കാരണമായി എന്നാണ് റിപോര്‍ട്ടുകള്‍.
നേരത്തെ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് അധ്യാപകര്‍ വിട്ടുനിന്നത് കടുത്ത പ്രതിസന്ധി സൃഷ്ട്ടിച്ചിരുന്നു. ഒരു ഘട്ടത്തില്‍ 2,177 അധ്യാപകര്‍ മൂല്യനിര്‍ണയ ജോലികള്‍ക്ക് ഹാജരായിരുന്നില്ല. ഇതോടെ അധ്യാപകര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

