ഹജ്ജിന് നാളെ തുടക്കമാവും

മലപ്പുറം: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കമാവും. കേരളത്തിൽ നിന്നുള്ള മുഴുവൻ തീർത്ഥാടകരും മക്കയിലെത്തി. തിരക്ക് പരിഗണിച്ച് ഇന്ന് രാത്രിയോടെ മിനായിലേക്ക് പുറപ്പെടാനാണ് ഇന്ത്യൻ തീർത്ഥാടകർക്കുള്ള നിർദേശം. തിങ്കളാഴ്ച ഉച്ചയോടെ മുഴുവൻ തീർത്ഥാടകരും മിനായിലെത്തും. വൈകിട്ട് ഇശാഹ് നമസ്കാര ശേഷം അറഫയിലേക്ക് നീങ്ങും. മഷാഇർ മെട്രോ വഴിയോ ബസ് മാർഗമോ ആണ് യാത്ര.

 

ചൊവ്വാഴ്ചയാണ് ഹജ്ജിൻ്റെ സുപ്രധാനവും പുണ്യകരവുമായ അറഫാ സംഗമം. ഉച്ചയ്ക്ക് നടക്കുന്ന അറഫാ പ്രഭാഷണത്തിന് മുന്നോടിയായി മുഴുവൻ തീർത്ഥാടകരെയും അറഫ മൈതാനിയിലെത്തിക്കും. ചൊവ്വാഴ്ച സൂര്യാസ്തമയം വരെ തീർത്ഥാടകർ അറഫയിൽ പ്രാർത്ഥനകളോടെ തുടരും. ശേഷം ഇവിടെ നിന്ന് പുറപ്പെടുന്ന തീർത്ഥാടകർ മക്കയ്ക്കും മിനയ്ക്കും ഇടയിലുള്ള മുസ്‌ദലിഫയിൽ രാപ്പാർക്കും.

 

പെരുന്നാൾ ദിനമായ ബുധനാഴ്ച‌ പുലർച്ചെയോടെ തീർത്ഥാടകർ വീണ്ടും ജംറയിലേക്ക് നീങ്ങും. ഇവിടെയുള്ള പിശാചിന്റെ പ്രതീകമായ സ്തൂപത്തിന് നേരെ കല്ലുകളെറിയും. തുടർന്ന് മുടി മുറിക്കലും ബലികർമ്മവും പൂർത്തിയാക്കി ഇഹ്റാം (ശുഭ്രവസ്ത്രം) ഒഴിവാകുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്ക് അർദ്ധ വിരാമമാകും. കഅ്ബയെ വലം വയ്ക്കൽ, സഫാ-മർവ കുന്നുകൾക്കിടയിലെ പ്രയാണം എന്നിവ മിക്കവരും ബുധനാഴ്ച പൂർത്തിയാക്കും. വ്യാഴവും വെള്ളിയും ശനിയും മിനായിലെ തമ്പുകളിൽ കഴിഞ്ഞ് ജംറ കല്ലേറ് കർമ്മം നടത്തും. ശനിയാഴ്‌ച ഹജ്ജിന് പൂർണ വിരാമമാവും. കേരളത്തിൽ നിന്ന് ഈ വർഷം 13,194 തീർത്ഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *