തിരുവനന്തപുരം: പാളയത്ത് എസ്എഫ്‌ഐ – കെ എസ് യു സംഘര്‍ഷം. സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. എസ്എഫ്‌ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ലാത്തിവീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. കോണ്‍ഗ്രസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. പരസ്പരമുള്ള കല്ലേറില്‍ എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തി. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്‌യു പ്രവര്‍ത്തകരുടെ അക്രമം പൊലീസ് നോക്കിനിന്നെന്നും നേതാക്കള്‍ ആരോപിച്ചു.
എസ്എഫ്‌ഐയുടെ ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തുകയും വാക്കേറ്റ മുണ്ടാവുകയായിരുന്നുമെന്നാണ് വിവരം. ഇരുവശത്ത് നിന്നും കല്ലേറുമുണ്ടായി.സംഘര്‍ഷം കനത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എം വി ജയരാജനും എ എ റഹീമുമടക്കമുള്ള നേതാക്കള്‍ സംഭവസ്ഥലത്തെത്തി. സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് എസ്എഫ്‌ഐ നേടിയതെന്ന് എ എ റഹിം പറഞ്ഞു. പാളയം മാര്‍ക്കറ്റിന് മുന്നിലെത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു. വളഞ്ഞിട്ടാക്രമിക്കുകയാണ്. ഞങ്ങള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ നിയന്ത്രിച്ചതാണ്. കെഎസ്‌യു പ്രവര്‍ത്തകരെ മാറ്റാന്‍ പോകുന്നതിന് പകരം പൊലീസ് വല്ലാത്ത വി ഡി സതീശന്‍ ഭക്തിയില്‍ ഞങ്ങളുടെ പിള്ളേരുടെ നേരെ വരികയാണ്. ഇവിടെ ഈ സംഘര്‍ഷം മുഴുവന്‍ ക്ഷണിച്ച് വരുത്തിയത് കെഎസ്‌യു മാത്രമല്ല, പൊലീസും കൂടിയാണ്. പൊലീസ് ഏകപക്ഷീയമായി ലാത്തിചാര്‍ജ് നടത്തി. അങ്ങനെ ചെയ്താല്‍ പിരിഞ്ഞുപോകുന്നവരാണ് എസ്എഫ്‌ഐക്കാരെന്ന് കരുതിയോ – എ എ റഹീം പറഞ്ഞു.അക്രമം അംഗീകരിക്കാനാകില്ലെന്ന് എം വി ജയരാജന്‍ പ്രതികരിച്ചു. ഒരു പ്രകോപനവുമില്ലായിരുന്നു. വിജയിച്ചവരെ സ്വീകരിച്ചുകൊണ്ടുള്ള പ്രകടനം നടത്തുന്നതിനിടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിക്കേണ്ട കാര്യമെന്താ. നാമമാത്രമായ കെഎസ്‌യു പ്രവര്‍ത്തകന്‍മാരെ പൊലീസിന് നീക്കം ചെയ്യാവുന്നതേയുള്ളു. അവര്‍ കല്ലെറിയുക, കല്ലെറിയുന്നവരെ സംരക്ഷിക്കുന്ന പൊലീസ്. ഇതാണോ ചെന്നിത്തലയുടെ പൊലീസ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഏകപക്ഷീയമായി കെഎസ്‌യുവിന്റെ ക്രിമിനല്‍ സംഘവും പൊലീസും ചേര്‍ന്ന് വേട്ടയാടുകയാണ് –അദ്ദേഹം പറഞ്ഞു.
ജയത്തോടെ കേരള യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ ഭരണം എസ്എഫ്‌ഐ നിലനിര്‍ത്തിയിരുന്നു. 37-ല്‍ 35 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. എസ്എഫ്ഐയുടെ ശിവ എസ് ആണ് പുതിയ യൂണിയന്‍ ചെയര്‍മാന്‍. ഒരു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമടക്കം രണ്ട് സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. രക്തസാക്ഷിയായ ധീരജിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനം.

