ദില്ലി: ചരക്കുകപ്പലിന് നേരെയുള്ള ആക്രമണത്തില്‍ അമേരിക്കയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അമേരിക്കൻ എംബസിയിലെ സിഡിഎ ജെയ്സണ്‍ മീക്സിനെ ഇന്ത്യ വിളിച്ചു വരുത്തി.ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കപ്പല്‍ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്കൻ സെൻട്രല്‍ കമാൻഡ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
കപ്പല്‍ ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നും നിരന്തരം നല്‍കിയ നിർദേശങ്ങള്‍ കപ്പല്‍ ലംഘിച്ചുവെന്നും അമേരിക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു.ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് മൂന്ന് ഇന്ത്യക്കാരെ കാണാതായിരുന്നു. 21 ഇന്ത്യക്കാരെ രക്ഷിച്ചു.കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. ഇന്നലെ കപ്പല്‍ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു.ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയില്‍ മിസൈല്‍ പതിച്ചാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്. പലാവു പതാക വഹിച്ച കപ്പലില്‍ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരില്‍ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഒമാനി തുറമുഖമായ സോഹാറില്‍ നിന്ന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്.

