ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായി സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറിൽ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാർ അന്തിമമായതായി അറിയിച്ചു,

 

വെള്ളിയാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പിടും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മിൽ ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന് ഉടൻ വിരാമമാകുന്നതായി ഇറാന്റെ ഉപ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിൻ്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

 

‘ഹോർമുസ് കടലിടുക്ക് ടോൾ ഈടാക്കാതെയുള്ള കപ്പൽഗതാഗതത്തിനായി പൂർണമായി തുറക്കാൻ ഞാൻ അനുമതി നൽകുന്നു. അതോടൊപ്പം തന്നെ അമേരിക്കൻ നാവിക ഉപരോധവും ഉടൻ പിൻവലിക്കുന്നു. ലോകത്തിലെ എല്ലാ കപ്പലുകളും വീണ്ടും യാത്ര ആരംഭിക്കട്ടെ. എണ്ണ സ്വതന്ത്രമായി ഒഴുകട്ടെ’ എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ ഹോർമൂസ് കടലിടുക്കിലൂടെ ചുങ്കരഹിത കപ്പൽഗതാഗതത്തിന് വഴിയൊരുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

 

ഈ മഹത്തായ കരാർ മുഴുവൻ മേഖലയ്ക്കും സമാധാനവും സുരക്ഷയും നൽകും എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. ഇറാനുമായി കൂടുതൽ സമഗ്രമായ സമാധാന ഉടമ്പടി ഉടൻ ഉണ്ടാകുമെന്ന സൂചനയും അമേരിക്കൻ പ്രസിഡൻ്റ് നൽകിയിട്ടുണ്ട്. ‘എനിക്ക് മുമ്പ് പല പ്രസിഡന്റുമാർ ഇറാനുമായി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ മേഖലയിലെ നേതാക്കൾക്ക് യഥാർത്ഥ സമാധാനം കൈവരിക്കാൻ സഹായിക്കുന്ന പ്രസിഡന്റിനെ അവർ ആദ്യമായി കണ്ടെത്തിയിരിക്കുന്നു. വെള്ളിയാഴ്ച കരാർ ഒപ്പുവെക്കുന്നതോടെ കടലിടുക്കിലെ മൈനുകൾ നീക്കംചെയ്യുകയും ഇരുവശത്തേക്കും എണ്ണയുടെ ഒഴുക്ക് പുനരാരംഭിക്കുകയും ചെയ്യും’ എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *