തിരുവനന്തപുരം:പൊതുവിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന ആരംഭിച്ചു. ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായി ‘ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ’ എന്ന പേരില്‍ ഇന്ന് രാവിലെ 10.30 മുതലാണ് പരിശോധനകള്‍ ആരംഭിച്ചത്.
സംസ്ഥാനത്തുടനീളമുള്ള 14 എന്‍എഫ്എസ്എ ഗോഡൗണുകളിലും 54 റേഷന്‍ കടകളിലുമാണ് വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തുന്നത്. വിവിധ സര്‍ക്കാര്‍ സേവന വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും മുന്‍കൂട്ടി കണ്ടെത്തി തടയുന്നതിനുള്ള പ്രോ ആക്ടീവ് വിജിലന്‍സ് നടപടികളുടെ ഭാഗമായാണ് പരിശോധന. പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ കൃത്രിമം കാണിച്ച് അവ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു.
റേഷന്‍ കട ലൈസന്‍സികള്‍, ഗോഡൗണ്‍ ജീവനക്കാര്‍, കരാറുകാര്‍, ചില ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒത്താശയോടെയാണ് ക്രമക്കേടുകള്‍ നടക്കുന്നതെന്നാണ് സൂചന. ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിഹിതം വ്യാജ ബില്ലിങ്, ഒടിപി ദുരുപയോഗം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഗോഡൗണുകളിലെ രേഖകളില്‍ കാണിക്കുന്ന സ്‌റ്റോക്കും യഥാര്‍ഥ സ്‌റ്റോക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും, ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ നിന്ന് നേരിട്ട് കടത്തിവിട്ട് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്കും അഴിമതികള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. പരിശോധനയുടെ അന്തിമ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. അഴിമതിയോ ക്രമക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാം: ടോള്‍ ഫ്രീ നമ്പര്‍: 1064. ഫോണ്‍. 8592900900. വാട്‌സ്ആപ്പ്: 9447789100. പൊതുവിതരണ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാനും അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി ലഭ്യമാക്കാനുമാണ് സംസ്ഥാനതല പരിശോധനയുടെ ലക്ഷ്യമെന്ന് വിജിലന്‍സ് അറിയിച്ചു.

