വാഷിങ്ടൺ സിറ്റി: ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങാൻ ലയണൽ മെസ്സിയുടെ അർജന്റീന. അൾജീരിയയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ ആറരയ്ക്കാണ് അർജന്റീനയുടെ ആദ്യ മത്സരം. ലോകകിരീടം നിലനിർത്താനിറങ്ങുന്ന ലയണൽ മെസ്സിയിൽ തന്നെയാണ് ഇത്തവണയും അർജന്റീനയുടെ പ്രതീക്ഷ. കാൽപന്താട്ടത്തിൽ അർജന്റീനയ്ക്കും മെസ്സിക്കും ഇനി തെളിയിക്കാൻ ഒന്നുമില്ല. പക്ഷേ 36 വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കിരീടം അങ്ങനെ കൈവിടാൻ അർജന്റീനയും മെസ്സിയും ഒരുക്കമല്ല.
മെസ്സി കിരീടം സ്വന്തമാക്കാൻ തുടങ്ങിയതിന് ശേഷം പിന്നീട് ഒരിക്കലും അർജന്റീനയ്ക്ക് തലകുനിക്കേണ്ടി വന്നിട്ടില്ല. 2021ൽ ബ്രസീലിനെ വീഴ്ത്തി നേടിയ കോപ്പയ്ക്ക് പിന്നാലെ 2022ൽ യൂറോ കപ്പ് ചാംപ്യൻമാരായ ഇറ്റലിയെ തോൽപ്പിച്ച് ഫിനലിസിമയും ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ തകർത്ത് ലോകകിരീടവും മെസിയും അർജന്റീനയും നേടി. 2024ൽ ഒരിക്കൽക്കൂടി കോപ്പ അമേരിക്കയിലെത്തിയപ്പോഴും മെസിയും അർജന്റീനയും ചാംപ്യൻ പട്ടം വിട്ടുകൊടുത്തില്ല.
ഇത്തവണ മെസ്സിയും അർജൻ്റീനയും ലോകകപ്പിനെത്തുമ്പോൾ സൂപ്പർതാരത്തിന് പതിവ് സമ്മർദമില്ല. കൈപിടിച്ച് വളർത്തിയ കുട്ടിത്താരങ്ങൾ ഓരോരുത്തരായി ടീമിന്റെ നെടുന്തൂണായി മാറിയിരിക്കുന്നു. കൂടെ അമേരിക്കൻ മണ്ണ് ബ്യൂണസഐറിസ് പോലെ സുപരിചമാക്കിയ ഇൻ്റർമയാമിയിലെ അനുഭവവും കരുത്തും. ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിയ മെസ്സിപ്പടയെ എതിരാളികൾ കാണാനിരിക്കുന്നതേയുള്ളൂ

