പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28-ന്: 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പാക്കാം

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28-ന്: 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പാക്കാം

 

തിരുവനന്തപുരം: സംസ്ഥാനതലത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂൺ 28 ഞായറാഴ്ച സംഘടിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഈ ദിവസം തുള്ളിമരുന്ന് നൽകുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.

 

തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 8 മണിക്ക് മന്ത്രി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

 

സംസ്ഥാനത്തെ 19,80,224 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തുടനീളം 22,288 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 46,663 സന്നദ്ധപ്രവർത്തകരെ ഇതിനായി നിയോഗിച്ചു. സാധാരണ ബൂത്തുകൾക്ക് പുറമേ, യാത്രാ വേളയിലുള്ളവർക്കായി 539 ട്രാൻസിറ്റ് ബൂത്തുകളും, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾക്കും മറ്റുമായി 283 മൊബൈൽ ബൂത്തുകളും സജ്ജീകരിക്കും.

 

ജൂൺ 28-ന് ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. പോളിയോ വൈറസിനെ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കി 15 വർഷം പിന്നിടുമ്പോഴും, അയൽരാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *