കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചുവെന്ന പോക്സോ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. വെള്ളമുണ്ട സ്വദേശി മുഹമ്മദ് ഷാനിഫിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കൽപ്പറ്റ അതിവേഗ കോടതി ജഡ്ജി സുനിൽകുമാർ വെറുതെ വിട്ടത്.
2022 ഒക്ടോബർ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടി സ്വദേശിയായ വിദ്യാർത്ഥിനിയെ ഫോൺ വഴിയും വീഡിയോ കോൾ വഴിയും പിന്തുടർന്ന പ്രതി, വെള്ളമുണ്ട പി.എച്ച്.സി.ക്ക് സമീപത്ത് വെച്ച് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു വെള്ളമുണ്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ്. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് ജോർജ് പി.ജെ. ഹാജരായി.

