മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫിറ്റമൈനുമായി നാല് പേർ അറസ്റ്റിലായി. എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ഒമ്പത് ഗ്രാമിലധികം (9.0424 ഗ്രാം) മയക്കുമരുന്ന് പിടികൂടിയത്. പടിഞ്ഞാറത്തറ സ്വദേശികളായ ഷെഹീർ (38), മുസ്തഫ സി.കെ (46), തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി റിൻഷാദ് ഇ.എച്ച് (28), പാലക്കാട് പട്ടാമ്പി സ്വദേശി ജംഷീർ പി.വി (33) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഷെവർലെ ക്രൂസ് കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
തോൽപ്പെട്ടിയിൽ ആഡംബര കാറിൽ കടത്തിയ മെത്താംഫിറ്റമൈനുമായി നാല് പേർ പിടിയിൽ

