ഓപ്പറേഷന്‍ തൂഫാന്‍ കേരളം കണ്ട ഏറ്റവും വലിയ നാര്‍ക്കോട്ടിക് ഹണ്ട്: രമേശ് ചെന്നിത്തല

കേരളം കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്‍പനയില്‍ മുന്‍പന്തിയില്‍ മുന്‍പ് പഞ്ചാബ് ആയിരുന്നു എങ്കില്‍ ഇന്നത് കേരളം ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനോടകം അയ്യായിരം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം മയക്കുമരുന്ന് ലോബികളുടെ അന്ത്യം കുറിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

 

കാസര്‍കോഡ് പൊലീസ് നടത്തിയ റെയ്ഡില്‍ മിഠായി ഉണ്ടാക്കുന്ന കമ്പനിയില്‍ നിന്നും മിഠായിയില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ലഹരി മിഠായികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കി കുഞ്ഞുങ്ങളെ ചെറുപ്രായത്തില്‍ തന്നെ ലഹരിക്കടിമയാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം ആളുകളെ കാപ്പ കേസ് ചുമത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

 

കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ കാലത്ത് പൊലീസ് സേനയിലും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യങ്ങുടെ സ്വഭാവത്തില്‍ മാറ്റം വരുന്നത് പോലെ അത് കണ്ടെത്തുന്ന രീതിയിലും മാറ്റം വരേണ്ടതുണ്ട്. അതിന് വേണ്ടി പൊലീസ് സേനയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നത് ആവശ്യമുള്ള കാര്യമാണെന്നും ഇതിനായി പൊലീസ് ഓഡിറ്റ് നടപ്പാക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുകള്‍ സമയബന്ധിതമായി തീര്‍ക്കുന്നുണ്ടോ എന്നും ഓഡിറ്റ് ചെയ്യും. കൂടാതെ പൊലീസ് സ്റ്റേഷനില്‍ പിടികൂടിയ വാഹനങ്ങള്‍, മുഴുവന്‍ നിയമ പ്രശ്‌നങ്ങളും പരിഹരിച്ച ശേഷം മാറ്റാനുള്ള നടപടികള്‍ ഉണ്ടാകും എന്നും കൂട്ടിച്ചേര്‍ത്തു. കാസര്‍കോഡ് വാഹനാപകടത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയതിലും മന്ത്രി പ്രതികരിച്ചു. അപകടത്തില്‍ പെടുന്ന പൊലീസുകാര്‍ക്ക് പ്രത്യേക ധനസഹായ പദ്ധതി നടപ്പിലാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *