മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി

കൽപ്പറ്റ:മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിക്കല്‍, പൊട്ടിവീണ വൈദ്യുതി കമ്പികള്‍ നീക്കം ചെയ്യല്‍, റോഡിലെ കുഴി നികത്തല്‍, ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കല്‍, ചുരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വയനാട്-കോഴിക്കോട് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ കടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായും നിയന്ത്രണ സമയങ്ങളില്‍ ജില്ലയില്‍ നിന്നും ചുരം ഇറങ്ങുന്ന വാഹനങ്ങള്‍ തടയാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. ബാണാസുര ഡാമിനായി ഏറ്റെടുത്ത കുതിരപാണ്ടി റോഡിന് പകരമായി അനുവദിച്ച പുതിയ റോഡ് നിര്‍മ്മാണത്തിന് 10.40 ലക്ഷം രൂപ അനുവദിച്ചതായി കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗം അറിയിച്ചു.

 

പുല്‍പ്പള്ളി-പെരിക്കല്ലൂര്‍, ബീനാച്ചി-പനമരം റോഡുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് സംബന്ധിച്ച പരാതിയില്‍ റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറോട് സ്ഥലം സന്ദര്‍ശിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനായി ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചതായും വരും ദിവസങ്ങളില്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്് ഡയറക്ടര്‍ അറിയിച്ചു. കളക്ടറേറ്റ് പരിസരത്ത് നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ മാറ്റുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വാഹനങ്ങള്‍ മാറ്റാന്‍ സാധിക്കാത്ത വകുപ്പുകള്‍ സമ്മതപത്രം നല്‍കുന്ന മുറയ്ക്ക് ഡി.എം ആക്ട് പ്രകാരം വാഹനങ്ങള്‍ ലേലം ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ ഉഷ വിജയന്‍, എ.ഡി.എം കെ അജീഷ്, സബ്കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി ഹംസ, അസിസ്റ്റന്റ്് പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *