മഹാത്മാഗാന്ധി തൊഴിലുറപ്പിന് വിട; വിബിജി റാം ജി പദ്ധതി ഇന്ന് നിലവിൽ വരുന്നു

രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ ഇന്ത്യയുടെ തൊഴിൽ സുരക്ഷാ കവചമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കേന്ദ്രസർക്കാരിന്റെ ‘വിക്സിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ’ (VB-G RAM G) പദ്ധതി ഇന്ന് മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുന്നു. തൊഴിൽ ദിനങ്ങൾ 100-ൽ നിന്നും 125 ആയി ഉയർത്തി എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. (VB-G RAM G Scheme Launch)

 

 

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

◾തൊഴിൽ ദിനങ്ങൾ: ഗ്യാരണ്ടി നൽകുന്ന തൊഴിൽ ദിനങ്ങൾ പ്രതിവർഷം 100-ൽ നിന്ന് 125 ആയി ഉയർത്തി.

 

◾പ്രവൃത്തികൾ: ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് പ്രധാന മേഖലകളിലായി 318 പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ഭൂമിയിലെ കൃഷിപ്പണികൾ ഈ പദ്ധതിയിൽ അനുവദിക്കില്ല.

 

◾സാമ്പത്തിക വ്യവസ്ഥ: കൂലി നിരക്ക് കേന്ദ്രസർക്കാർ തീരുമാനിക്കും. സംസ്ഥാനങ്ങൾക്ക് ഇതിൽ അധികാരം ഉണ്ടാകില്ല. പദ്ധതി നടത്തിപ്പിനായുള്ള ഫണ്ട് വിഹിതം സംസ്ഥാനങ്ങളിൽ 60:40 (കേന്ദ്ര-സംസ്ഥാന) എന്ന അനുപാതത്തിലായിരിക്കും.

 

◾സമയബന്ധിത പേയ്‌മെന്റ്: കൂലി നേരിട്ട് ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് (DBT) കൈമാറും. മസ്റ്റർ റോൾ അവസാനിച്ചാൽ 15 ദിവസത്തിനകം കൂലി ലഭിക്കണം. വൈകിയാൽ പ്രതിദിനം 0.05% നിരക്കിൽ നഷ്ടപരിഹാരം നൽകും.

 

◾സുതാര്യത: ബയോമെട്രിക് പഞ്ചിംഗ്, ജിയോസ്പേഷ്യൽ ട്രാക്കിംഗ്, തത്സമയ ഡാഷ്‌ബോർഡ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.

 

കേരളത്തിലെ തൊഴിലാളികളിലും ഭരണകൂടത്തിലും പുതിയ പദ്ധതി സംബന്ധിച്ച വലിയ ആശങ്കകളാണുള്ളത്. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളിൽ 40 ശതമാനവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. പുതിയ പദ്ധതി പ്രകാരം കായികാധ്വാനം കൂടുതൽ വേണ്ട ജോലികളാണ് നിർദ്ദേശിച്ചിരിക്കുന്നത് എന്നത് പ്രായമായ തൊഴിലാളികൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. കൂടാതെ, പദ്ധതിച്ചെലവിൽ സംസ്ഥാനങ്ങൾക്ക് വൻ ബാധ്യത വരുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വിവിധ തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *