മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിക്കും

തിരുവനന്തപുരം: വയനാട് കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിക്കാനുള്ള പൂർണ്ണ ചെലവും നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും

 

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 9 പേർക്കും സർക്കാർ ചികിത്സാ സഹായം നൽകും. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. മണ്ണിനടിയിൽപ്പെട്ട രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള അത്യാധുനിക തെരച്ചിൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന ഫയർഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

 

ദുരന്തത്തെക്കുറിച്ചും ഭാവിയിലെ സുരക്ഷാസാധ്യതകളെക്കുറിച്ചും സാങ്കേതികവും നിയമപരവുമായ തലങ്ങളിൽ രണ്ട് പ്രത്യേക സംഘങ്ങൾ വിശദമായ അന്വേഷണം നടത്തും. കള്ളാടി മീനാക്ഷിപ്പാലത്തിന് മുകൾഭാഗത്തായി നിർമ്മാണ സ്ഥലത്തിന് തൊട്ടുമുകളിൽ മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്ന പ്രാഥമിക റിപ്പോർട്ടുകൾ വിദഗ്ധ സംഘം പരിശോധിക്കും. നിർമ്മാണ സ്ഥലത്തെ അപകടസാധ്യതകളും പാരിസ്ഥിതിക സുരക്ഷിതത്വവും പൂർണ്ണമായി വിലയിരുത്തി റിപ്പോർട്ട് ലഭിച്ച ശേഷമേ നിലവിൽ നിർത്തിവച്ചിരിക്കുന്ന തുരങ്കപാതയുടെ പണികൾ പുനരാരംഭിക്കാൻ അനുവദിക്കൂ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *