കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലെത്തിയ മുഖ്യമന്ത്രി, അവിടെനിന്ന് റോഡ് മാര്‍ഗമാണ് വൈകിട്ട് അഞ്ച് മണിയോടെ ദുരന്തസ്ഥലത്തേക്ക് എത്തിയത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍ എന്നിവരും ജനപ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പാലത്തിനപ്പുറത്തേക്ക് പോകാന്‍ അധികൃതര്‍ അനുവദിച്ചില്ലെങ്കിലും, പ്രദേശത്തെ തൊഴിലാളികളുമായും രക്ഷാപ്രവര്‍ത്തകരുമായും മുഖ്യമന്ത്രി നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

 

ദുരന്തത്തില്‍ പരിക്കേറ്റ് വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി, മേപ്പാടി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുമെത്തി അന്തേവാസികളോട് സംസാരിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടറേറ്റില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ പ്രത്യേക അവലോകനയോഗം ചേര്‍ന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളായ ആന്‍മോള്‍ ദോദ്രായ് (ജാര്‍ഖണ്ഡ്), ബികാഷ് കുമാര്‍ സിംഗ് (ബീഹാര്‍), ചന്ദ്രഭാന്‍ പാല്‍ (മധ്യപ്രദേശ്) എന്നിവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും. ഒന്‍പത് പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്.

 

അതേസമയം, കള്ളാടി ദുരന്തത്തിന്റെ കാരണത്തെച്ചൊല്ലി ഭരണതലത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇത് പ്രകൃതിദത്തമായ മണ്ണിടിച്ചിലല്ലെന്നും നിര്‍മാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുണ്ടായ മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നുമുള്ള മന്ത്രി ടി. സിദ്ദിഖിന്റെ വാദങ്ങള്‍ മുഖ്യമന്ത്രി പരോക്ഷമായി തള്ളി. മലയിടിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ പ്രാഥമികമായി സംശയമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, ദുരന്തഭൂമിയുടെ തൊട്ടുമുകളിലായി മറ്റൊരു മണ്ണിടിച്ചില്‍ ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും, കേന്ദ്ര സര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കരാര്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് സാങ്കേതികവും നിയമപരവുമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടസാധ്യതകള്‍ പൂര്‍ണ്ണമായി പരിശോധിച്ച ശേഷമേ ഇനി നിര്‍മാണം തുടരുകയുള്ളൂ.

 

സ്വാഭാവികമായ പ്രകൃതി ദുരന്തമല്ലെന്നും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുള്ള മനുഷ്യനിര്‍മിത ദുരന്തമെന്നുമായിരുന്നു കള്ളാടിയിലെ മണ്ണിടിച്ചിലിന് പിന്നാലെ മന്ത്രി ടി സിദ്ദിഖിന്റെ പ്രതികരണം. ഈ വാദം ഇന്നും മന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍ മല ഇടിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. മലയുടെ ചെറിയ ഭാഗം കൂടി ഇടിഞ്ഞുവീണെന്നായിരുന്നു റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞത്. ദുരന്തത്തില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ, മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.

 

നിലവില്‍ ദുരന്തബാധിത പ്രദേശത്തെ നാല് സെക്ടറുകളായി തിരിച്ച് എന്‍.ഡി.ആര്‍.എഫ്, ആര്‍.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, ലോക്കല്‍ പോലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘം കാണാതായ അഞ്ച് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കെഡാവര്‍ നായ്ക്കളെയും തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കനത്ത മഴയും കോടമഞ്ഞും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനിടെ, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പി.എസ്.സിക്ക് എതിരെ ഉയര്‍ന്ന വ്യാപകമായ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി രാവിലെ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *