മാസച്യുസെറ്റ്സ്: കിലിയൻ എംബാപ്പെയുടെ നിർണായക ഗോളിന്റെയും ഒസ്മാൻ ഡെംബെലെയുടെ മികച്ച പ്രകടനത്തിന്റെയും മികവിൽ മൊറോക്കോയെ 2-0ന് കീഴടക്കി ഫ്രാൻസ് ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. ഇതോടെതുടർച്ചയായ മൂന്നാം ലോകകപ്പിലും അവസാന നാലിലെത്തുന്ന നേട്ടം ഫ്രഞ്ച് ടീം സ്വന്തമാക്കി. എംബാപ്പെയും ഡെംബെലെയുമാണ് ഫ്രാൻസിനായി വലകുലുക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലൂന്നിയായിരുന്നു മൊറോക്കോയുടെ സമീപനം. നാലാം മിനിറ്റിൽ ഡയോട്ട് ഉപമെകാനോയുടെ ഹെഡർ ഗോൾകീപ്പർ യാസ്സിൻ ബോനു അത്ഭുതകരമായി രക്ഷപ്പെടുത്തി. 25-ാം മിനിറ്റിൽ എംബാപ്പെയെ വീഴ്ത്തിയതിനെ തുടർന്ന് ഫ്രാൻസിന് ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കാനായില്ല. ബോനു കൃത്യമായ ഡൈവിലൂടെ ഷോട്ട് തടഞ്ഞതോടെ മൊറോക്കോ ആശ്വാസം നേടി. തുടർന്ന് ഡെസീറെ ഡുവെയുടെ ശക്തമായ ശ്രമവും ബോനു രക്ഷപ്പെടുത്തി.
ആദ്യ പകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും ഫ്രാൻസിനായിരുന്നു പൂർണ ആധിപത്യം. 13 ഷോട്ടുകൾ ഫ്രഞ്ച് ടീം ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോൾ, മൊറോക്കോയ്ക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമാണ് നേടാനായത്. പരിക്കിനെ തുടർന്ന് സ്‌ട്രൈക്കർ ഇസ്മായെൽ സൈബാരിയുടെ അഭാവവും മൊറോക്കൻ മുന്നേറ്റത്തെ ബാധിച്ചു.
രണ്ടാം പകുതിയിൽ മൊറോക്കോ കൂടുതൽ ആക്രമണ മനോഭാവം പ്രകടിപ്പിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം ഉറച്ചുനിന്നു. 56-ാം മിനിറ്റിൽ ലഭിച്ച മികച്ച അവസരം എംബാപ്പെ പാഴാക്കിയെങ്കിലുംനാല് മിനിറ്റിനു ശേഷം താരം പിഴവ് തിരുത്തി. ബോക്‌സിനുള്ളിൽ പ്രതിരോധതാരങ്ങൾക്കിടയിലൂടെ നേടിയ തകർപ്പൻ ഗോളിലൂടെ ഫ്രാൻസിനെ മുന്നിലെത്തിച്ച എംബാപ്പെ, 30 വയസ്സിന് മുമ്പ് 20 ലോകകപ്പ് ഗോളുകൾ നേടുന്ന ആദ്യ താരമെന്ന അപൂർവ റെക്കോഡും സ്വന്തമാക്കി.
66-ാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെ ലീഡ് ഇരട്ടിയാക്കി. മധ്യനിരയിൽ നിന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ നേടിയ മനോഹര ഗോളിലൂടെ ഫ്രാൻസിന്റെ ജയംഉറപ്പിച്ചു. ഈ ലോകകപ്പിലെ ഡെംബെലെയുടെ അഞ്ചാം ഗോളായിരുന്നു അത്. ഈതോൽവിയോടെ 35 മത്സരങ്ങളായി തുടർന്നിരുന്ന മൊറോക്കോയുടെ അപരാജിത കുതിപ്പിനും വിരാമമായി.
ഈ മത്സരത്തോടെ ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷോം ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച പരിശീലകരുടെ പട്ടികയിൽ പശ്ചിമ ജർമനിയുടെ ഇതിഹാസ പരിശീലകൻ ഹെൽമുട്ട് ഷോണിനൊപ്പമെത്തി. ദെഷോമിന്റെ ലോകകപ്പിലെ 25-ാം മത്സരമായിരുന്നു ഇത്. 2012 മുതൽ ഫ്രഞ്ച് ടീമിനെ നയിക്കുന്ന ദെഷോമിന്റെ കീഴിൽ ഫ്രാൻസ്നാല് ലോക കപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.
