ജില്ലാതല ഓണം വാരാഘോഷം: ഓഗസ്റ്റ് 24 മുതല്‍ 30 വരെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും

കൽപ്പറ്റ:ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 30 വരെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനമായി. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടക്കും.

 

ദുരന്തങ്ങളില്‍ നിന്നും കരകയറിയ ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തും വിധത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ജില്ലാ-താലൂക്ക- പ്രാദേശിക തലങ്ങളില്‍ പൂക്കള മത്സരങ്ങള്‍, വടംവലി ഉള്‍പ്പെടെയുള്ള മറ്റ് മത്സരങ്ങള്‍ നടത്തും. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലായിക്കും ആഘോഷവും മത്സരങ്ങളും. ടൂറിസം കേന്ദ്രങ്ങളില്‍ ഏഴ് ദിവസം വൈദ്യത ദീപാലങ്കാരം സജ്ജീകരിക്കും. വിവിധ സ്ഥലങ്ങളില്‍ പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ സംഘടിപ്പിക്കും.

 

കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലാതല പാരമ്പര്യ ഭക്ഷ്യമേള, സംസ്ഥാനതല കയാക്കിങ് മത്സരം, ജില്ലാതല മഡ് ഫുഡ്‌ബോള്‍, മഡ് വോളിബോള്‍, ജല സാഹസിക യാത്ര എന്നിവ ഓണം വാരാഘോത്തോടനുബന്ധിച്ച് ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. ഇതിനുപുറമെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രാദേശിക ക്ലബ്ബുകളുമായി സഹകരിച്ചും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

 

വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ റിസോര്‍ട്ടുകളുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും. ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ചെയര്‍മാനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സെക്രട്ടറി കണ്‍വീനറായി സ്വാഗത സംഘം രൂപീകരിച്ചു. സാംസ്‌കാരിക പരിപാടികളോടെയുള്ള ഓണം വാരാഘോഷത്തിന്റെ സമാപനം 30 ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *