സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; ഉമ്മൻ ചാണ്ടി സ്മാരക പുരസ്കാരം പത്മശ്രീ ചെറുവയൽ രാമന്, വയനാടിന് അഭിമാനമായി മറ്റ് മൂന്ന് അവാർഡുകൾ കൂടി

കൽപ്പറ്റ: 2025-ലെ സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഇത്തവണ പുതുതായി ഏർപ്പെടുത്തിയ അഞ്ച് ലക്ഷം രൂപയുടെ പ്രഥമ ‘ഉമ്മൻ ചാണ്ടി സ്മാരക അവാർഡിന്’ വയനാടിന്റെ സ്വന്തം പത്മശ്രീ ചെറുവയൽ രാമൻ അർഹനായി. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ചാണ് മാനന്തവാടി നല്ലൂർനാട് കമ്മന സ്വദേശിയായ ചെറുവയൽ രാമനെ തേടി ഈ ഉന്നത പുരസ്കാരമെത്തിയത്.

 

തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ആണ് 38 വിഭാഗങ്ങളിലായുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്. ചെറുവയൽ രാമന് പുറമെ ജില്ലയിലേക്ക് മറ്റ് മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ കൂടി എത്തിയത് വയനാടിന് ഇരട്ടി മധുരമായി. മികച്ച യുവകർഷകനുള്ള സംസ്ഥാന പുരസ്കാരം (ഒരു ലക്ഷം രൂപ) പൊഴുതന സ്വദേശി ഹാഷിഖ്. കെ (കമ്പ്രാത്ത് വീട്) സ്വന്തമാക്കി. മികച്ച കർഷക തൊഴിലാളിക്കുള്ള ‘ശ്രമശക്തി’ പുരസ്കാരത്തിന് (50,000 രൂപ) കാട്ടിക്കുളം സ്വദേശി ശ്രീനോജ് കെ.എസ് (കാരോട്ട് വീട്, തിരുനെല്ലി) തിരുവനന്തപുരം സ്വദേശിക്കൊപ്പം അർഹനായി. ഇതിനുപുറമെ, കാർഷിക മേഖലയിലെ മികച്ച അച്ചടി മാധ്യമ റിപ്പോർട്ടിംഗിനുള്ള ‘കർഷകഭാരതി’ പുരസ്കാരം മലയാള മനോരമ കൽപ്പറ്റ ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ ജിതിൻ ജോസിനാണ്.

 

മറ്റ് പ്രധാന പുരസ്കാരങ്ങൾ:

 

◾മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോൻ സ്മാരക അവാർഡ് (10ലക്ഷം രൂപ) കോഴിക്കോട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്തും പങ്കിട്ടു.

◾ മികച്ച കൃഷിഭവനുള്ള വി.വി രാഘവൻ സ്മാരക അവാർഡ് പത്തനംതിട്ട കുറ്റൂർ കൃഷിഭവൻ സ്വന്തമാക്കി.

◾ മികച്ച കർഷകനുള്ള ‘കർഷകോത്തമ’ പുരസ്കാരം തൃശൂർ തിരുവില്വാമല സ്വദേശി രാജ നാരായണനാണ്.

◾ മികച്ച ജൈവ കർഷകൻ: ഷാജഹാൻ വി. വൈ (കൊടുങ്ങല്ലൂർ, തൃശൂർ).

◾ അർബൻ റൂഫ് ടോപ്പ് ഫാർമർ (മട്ടുപ്പാവ് കൃഷി): അനിത എം. കാസിം (ചങ്ങനാശ്ശേരി).

◾ ഉദ്യാന ശ്രേഷ്ഠ: ഡോളി വർഗ്ഗീസ് (കോട്ടയം).

 

ആഗസ്റ്റ് 17-ന് എറണാകുളം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!