ബത്തേരി ബസ് ടെർമിനൽ പദ്ധതി അട്ടിമറിക്കാൻ നീക്കം: നഗരസഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി വ്യാപാരികളും കെട്ടിട ഉടമകളും

ബത്തേരി: സുൽത്താൻ ബത്തേരി നഗരവാസികൾ ദശകങ്ങളായി കാത്തിരിക്കുന്ന ആധുനിക ബസ് ടെർമിനൽ – കൊമേഴ്‌സ്യൽ കോംപ്ലക്സ് പദ്ധതി അട്ടിമറിക്കാനുള്ള നഗരസഭാ ഭരണസമിതിയുടെ നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് ബത്തേരി മർച്ചന്റ്സ് അസോസിയേഷനും ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു. ബത്തേരിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഭരണസമിതിയുടെ നടപടിക്കെതിരെ സംഘടനകൾ കടുത്ത പ്രതിഷേധമറിയിച്ചത്.

 

പ്രതിദിനം ഇരുനൂറിലധികം ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന ബത്തേരിയിൽ നിലവിലെ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. നഗരസഭയുടെ പൊതുഫണ്ടിൽ നിന്ന് തുക ചെലവഴിക്കാതെ സ്വകാര്യ നിക്ഷേപത്തിലൂടെ നിർമ്മിക്കുന്ന 75 കോടി രൂപയുടെ ഡി.ബി.ഒ.ടി (DBOT) പദ്ധതി ബത്തേരിയുടെ മുഖച്ഛായ മാറ്റാൻ ഉതകുന്നതാണ്. മുൻ ഭരണസമിതിയുടെ കാലത്ത് അംഗീകരിച്ച പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുകയും നഗരസഭ നിരതദ്രവ്യം സ്വീകരിക്കുകയും ചെയ്തിരുന്നതാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

 

പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന നഗരസഭയുടെ വാദം വ്യാജമാണെന്നും, അത്തരം അന്വേഷണങ്ങളൊന്നും നിലവിലില്ലെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ജനുവരിയിൽ രേഖാമൂലം വ്യക്തമാക്കിയതാണെന്നും നേതാക്കൾ പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കരാർ റദ്ദാക്കാൻ നഗരസഭ നടത്തിയ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വ്യക്തിതാൽപ്പര്യങ്ങൾ മുൻനിർത്തി പദ്ധതി അട്ടിമറിച്ചാൽ അത് നഗരത്തിന്റെ വികസനത്തെയും ഭാവി നിക്ഷേപങ്ങളെയും സാരമായി ബാധിക്കുമെന്ന് സംഘടനകൾ ഓർമ്മിപ്പിച്ചു.

 

പദ്ധതി അനാവശ്യമായി റദ്ദാക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നിർമ്മാതാക്കൾക്ക് മാത്രമല്ല, മികച്ചൊരു ബസ് ടെർമിനൽ പ്രതീക്ഷിക്കുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും നികുതിദായകർക്കുമാണെന്ന് ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി. അബ്‌ദുൾ ഖാദർ, ഭാരവാഹികളായ ഹംസ, റസാഖ്, ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.എം. ചാക്കോ, സെക്രട്ടറി യു.എ. അബ്‌ദുൾ മനാഫ്, ട്രഷറർ പി. വാസു, കുര്യൻ ജോസഫ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!