വൻ ലഹരിശേഖരവുമായി പാലക്കാട് യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: ഓണക്കാലത്ത് വിൽപ്പന നടത്താൻ എത്തിച്ചെന്നു കരുതുന്ന വൻ ലഹരിശേഖരവുമായി പാലക്കാട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒലവക്കോട് മേഖലയിൽ നോർത്ത് പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശിനി ബി. ഫാത്തിമ (27) എന്നിവരാണ് അറസ്റ്റിലായത്.

 

ഒരു കിലോഗ്രാമോളം എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഇവരിൽനിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകം പൊതിഞ്ഞ നിലയിലായിരുന്നു ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി എത്തിയ ഒരാളിൽനിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് സംഘത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നുവെന്ന് സംശയിക്കുന്ന ഒരാളെ ഒലവക്കോട് താണാവ് ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു.

 

ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരടങ്ങുന്ന സംഘത്തിലേക്ക് പൊലീസ് എത്തിയത്. തമിഴ്നാട്ടിൽനിന്ന് വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘം വഴിമാറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഒലവക്കോട് ജംഗ്ഷനിൽ തടഞ്ഞുനിർത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!