കോഴിക്കോട്:അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവർദ്ധനവും അനിയന്ത്രിതമായ ചെലവുകളും കാരണം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സർവ്വീസ് പൂർണ്ണമായി നിർത്തിവെക്കാൻ നിർബന്ധിതരാകുകയാണെന്ന് ഉടമകൾ. പത്തു ദിവസത്തിനിടെ മൂന്നു തവണകളിലായി ഒരു ലിറ്റർ ഡീസലിന് അഞ്ച് രൂപയിലേറെയാണ് വർദ്ധിച്ചത്.
പ്രതിദിനം 300 കിലോമീറ്റർ സർവ്വീസ് നടത്തുന്ന ഒരു ബസ്സിന് നൂറ് ലിറ്റർ ഡീസൽ ആവശ്യമായി വരുമ്പോൾ, ഒരു ദിവസം ഇന്ധനത്തിന് മാത്രം പതിനായിരത്തിലേറെ രൂപ ചെലവഴിക്കേണ്ടി വരുന്നു. തൊഴിലാളികളുടെ വേതനം കൂടിയാകുമ്പോൾ പിടിച്ചുനിൽക്കാനാവാതെ നട്ടംതിരിയുകയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഈ വ്യവസായം.നഷ്ടം സഹിക്കാനാവാതെ പല ഉടമകളും ഇതിനകം തന്നെ ആർ.ടി.ഒ ഓഫീസുകളിൽ സ്റ്റോപ്പേജ് അപേക്ഷകൾ നൽകിക്കഴിഞ്ഞു.
ഇന്ധനവിലയ്ക്ക് പുറമെ ടയർ, റീട്രെഡിംഗ് ചാർജ്ജുകൾ, മെയിൻ ലീഫ്, എഞ്ചിൻ ഓയിൽ, സ്പെയർ പാർട്സുകൾ എന്നിവയുടെ വിലവർദ്ധനവും ഇൻഷൂറൻസ് പ്രീമിയം തുക ഉയർന്നതും വ്യവസായത്തിന് കനത്ത പ്രഹരമായി. തകർന്നുകിടക്കുന്ന റോഡുകൾ കാരണം ബസ്സുകൾ അടിക്കടി വർക്ക്‌ഷോപ്പുകളിൽ കയറ്റേണ്ടി വരുന്നുണ്ട്.
ഇതിനിടയിലാണ് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന സർക്കാർ പ്രഖ്യാപനം വരുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ സ്വകാര്യ ബസ്സുകളിലെ വലിയൊരു വിഭാഗം യാത്രികരെയും നഷ്ടപ്പെടുമെന്ന് ഉടമകൾ ആശങ്കപ്പെടുന്നു.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിലെ കുറവും യാത്രക്കാരുടെ വർദ്ധനവും മറ്റൊരു പ്രധാന പ്രതിസന്ധിയാണ്. 1964-ൽ ബസ് യാത്രാ നിരക്കിന്റെ 50 ശതമാനം കൺസെഷൻ നൽകിയിരുന്ന സ്ഥാനത്ത്, ഇന്നത് വെറും 12.5 ശതമാനം മാത്രമാണ്. 1964-ൽ പത്ത് ശതമാനം വിദ്യാർത്ഥികളാണ് ബസിനെ ആശ്രയിച്ചിരുന്നതെങ്കിൽ ഇന്നത് 45 ശതമാനത്തിലധികമായി ഉയർന്നു. മലപ്പുറം ജില്ലയിൽ മാത്രം ഏഴുലക്ഷം വിദ്യാർത്ഥികളാണ് പ്രൈവറ്റ് ബസുകളെ ആശ്രയിക്കുന്നത്.
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ മാത്രം കൺസെഷൻ പരിമിതപ്പെടുത്താതെ ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള സർവീസുകളിലും വിദ്യാർത്ഥികൾക്ക് ആനുകൂല്യം നൽകുകയോ സർക്കാർ ‘സ്റ്റുഡന്റ്‌സ് ഒൺലി’ ബസ്സുകൾ നിരത്തിലിറക്കുകയോ ചെയ്താൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും.
ഇന്ധനവില വർദ്ധനവ് ഈ രീതിയിൽ തുടരുകയാണെങ്കിൽ ഡീസൽ അടിക്കാൻ പോലും പണമില്ലാതെ സർവീസ് നിർത്തിവെക്കേണ്ടി വരുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ. വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്വകാര്യ ബസുകൾ നിരത്തോഴിഞ്ഞാൽ വിദ്യാർത്ഥികളുടെ യാത്ര പൂർണ്ണമായും അവതാളത്തിലാകും. മുൻകാലങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുവ ഒഴിവാക്കിയും സബ്‌സിഡി നൽകിയും ജനങ്ങളെ സഹായിച്ചിരുന്നു. എന്നാൽ ഇന്ന് കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ടാക്സ് ഇളവുകളും സബ്‌സിഡികളും അനുവദിച്ചുകൊണ്ട് ബസുടമകളുടെ നഷ്ടം കുറയ്ക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ.

