മാനന്തവാടി: മാനന്തവാടി ടൗണിൽ വെച്ച് വയോധികയുടെ മാല അപഹരിക്കാൻ ശ്രമിച്ച അന്തർ സംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് യുവതികളെ മാനന്തവാടി പോലീസ് പീച്ചങ്കോട് വെച്ച് പിടികൂടി. താൻ ‘ഡോക്ടറാണെന്ന്’ വിശ്വസിപ്പിച്ച് വയോധികയുടെ സീറ്റിനടുത്തിരുന്ന ശേഷമാണ് പ്രതികളിൽ ഒരാൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ എൽ.എഫ് ജങ്ഷനിലാണ് സംഭവം. പുൽപ്പള്ളി ഭാഗത്തുനിന്ന് ബസ്സിൽ വന്നിറങ്ങിയ വയോധികയെ ഇളം പച്ച നിറത്തിലുള്ള ചുരിദാറും കണ്ണടയും ധരിച്ച പ്രതികൾ പിന്തുടർന്ന് മാല കവരാൻ ശ്രമിക്കുകയായിരുന്നു. കവർച്ചാ ശ്രമം വയോധിക ഉടനടി തിരിച്ചറിഞ്ഞ് ശബ്ദമുണ്ടാക്കിയതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പ്രതികൾ വയോധികയെ പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ പോലീസ് പുറത്തുവിട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിത തിരച്ചിലിനൊടുവിൽ പീച്ചങ്കോട് വെച്ചാണ് മൂന്ന് യുവതികളെയും സാഹസികമായി കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസുകാർ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായവരെ മാനന്തവാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
