സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണം’;ഇന്‍സ്റ്റഗ്രാം വിഡിയോയുമായി പ്രധാനമന്ത്രി

രാജ്യത്തെ ജെന്‍ സികളോട് കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വിഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തിക്കാട്ടിയാണ് മോദിയുടെ വിഡിയോ. നുണപ്രചാരണങ്ങളുടെ വലിയ അലയൊലികള്‍ ഉണ്ടാകുന്നുവെങ്കിലും 2026-27 പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം ജിഡിപി വളര്‍ച്ചയുണ്ടാക്കാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

സ്വദേശി ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ഉള്‍പ്പെടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് എസ്സിഒ (SCO) ഉച്ചകോടിക്കായി ബിഷ്‌കെക്കിലുള്ള പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം. വിവാഹത്തിനുള്ള അമിത ആഡംബരങ്ങള്‍, വിദേശത്തുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങുകള്‍, അനാവശ്യമായി സ്വര്‍ണം വാങ്ങുന്നത് മുതലായവ കുറയ്ക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. രാഹുല്‍ ഗാന്ധിയുടെ ഛാത്രോം ഗീ ഗൂഞ്ച് പരിപാടിയെ പരിഹസിക്കുന്നതിനായി കള്ളപ്രചാരണം എന്നര്‍ഥം വരുന്ന ജൂത് കീ ഗൂഞ്ച് എന്ന വാക്കാണ് മോദി വിഡിയോയില്‍ ഉപയോഗിച്ചത്.

 

യുദ്ധം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളും ആഗോള വിപണിയില്‍ സാമ്പത്തിക അസ്ഥിരതയും നിലനില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാനായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള തലത്തിലുള്ള എല്ലാ വെല്ലുവിളികളും മറികടക്കാന്‍ നമ്മുടെ രാജ്യത്തിനായി. ഇത് നമ്മുടെ കൂട്ടായ ശക്തി പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നേട്ടങ്ങള്‍ക്കിടയിലും ചിലര്‍ നിരാശയില്‍ നിന്നാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!