ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ അടിയന്തര സാഹചര്യത്തിൽ അസാമാന്യ ധൈര്യം കാട്ടിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമ ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കോക്പിറ്റിനുള്ളിൽ വെച്ച് സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ആയിരക്കണക്കിന് അടി ഉയരത്തിൽ വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സ്മിത് കാണിച്ച സമചിത്തതയെ കമ്പനി പ്രശംസിച്ചു. ജീവനക്കാരുടെയും യാത്രക്കാരുടെയും ജീവൻ രക്ഷിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടം ഏവർക്കും വലിയ മാതൃകയാണെന്നും അദ്ദേഹത്തിന്റെ ധീരത ഇന്ത്യക്കാർക്കാകെ അഭിമാനമാണെന്നും കമ്പനി വ്യക്തമാക്കി.
യാത്രയ്ക്കിടെ കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് സ്മിത്തിനെ അക്രമിച്ച് വിമാനം അപകടപ്പെടുത്താൻ ശ്രമിച്ചതോടെയാണ് വിമാനം വൻ ദുരന്തത്തിന്റെ വക്കിലെത്തിയത്. കടുത്ത പരിക്കുകൾ അവഗണിച്ചും ധീരമായി പോരാടിയ ക്യാപ്റ്റൻ സ്മിത്, കോക്പിറ്റ് വാതിൽ തുറന്ന് നൽകിയതോടെ യാത്രക്കാരും വിമാന ജീവനക്കാരും അകത്തുകയറി അക്രമിയെ കീഴടക്കുകയായിരുന്നു. തുടർന്ന് തക്കസമയത്ത് പ്രവർത്തിച്ച സ്മിത് വിമാനത്തെ സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി നിലത്തിറക്കി.
ദുരന്തമുഖത്ത് സ്മിത് കാട്ടിയ ഈ നിരുപമമായ നേതൃപാടവവും മാനുഷിക മൂല്യങ്ങളും കണക്കിലെടുത്താണ് മാൻകൈൻഡ് ഫാർമ വൈസ് ചെയർമാൻ രാജീവ് ജുനേജ ഈ വലിയ തുക ഉപഹാരമായി നൽകാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള ജനങ്ങളിൽ നിന്നും പ്രമുഖ സംഘടനകളിൽ നിന്നും വലിയ പിന്തുണയും ആദരവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആകാശത്തുണ്ടായ വലിയൊരു അപകടത്തിൽ നിന്ന് നൂറിലധികം മനുഷ്യജീവനുകൾ രക്ഷിച്ച ഈ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശംസകൾ ഏറ്റുവാങ്ങുകയാണ്.
