തിരുവനന്തപുരം : ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തഞ്ചാവൂർ പേരാവുറാണി പൊൻകാട് ആനന്ദവല്ലി വയ്യൽ സൗത്ത് സ്ട്രീറ്റ് 2 എ യിൽ ആരോഗ്യ സ്റ്റീഫൻ(38),തമിഴ്നാട് ട്രിച്ചി അരിയമംഗലം കാമരാജ് നഗറിൽ മുഹമ്മദ് അലി സ്ട്രീറ്റിൽ ഹൗസ് നം. 11/54ൽ മുഹമ്മദ് അബ്ബാസ്(49) എന്നിവരാണ് അറസ്റ്റിലായത്.
അടിമലത്തുറ സ്വദേശി ജോസിൽ നിന്നുമാണ് പ്രതികൾ പണം തട്ടിയത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ തട്ടിപ്പിന് കേസുണ്ടെന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് സംഭവം. ഡൽഹിയിൽ എത്തിയ ശേഷം യാത്രാ രേഖകൾ ഉൾപ്പെടെ നൽകാം എന്ന് പ്രതികൾ പറഞ്ഞതനുസരിച്ച് ജോസ് അവിടെ എത്തിയെങ്കിലും രേഖകൾ നൽകിയില്ല. ഇതോടെ യാത്ര മുടങ്ങി. രണ്ടു ദിവസം ഡൽഹിയിൽ തങ്ങിയശേഷം തിരികെയെത്തി പ്രതികളോട് പണം മടക്കി നൽകാൻ ആവശ്യപ്പെട്ടു.
എന്നാൽ പണം തിരികെ നൽകാത്തതിനെ തുടർന്ന് ജോസ് പൊലീസിൽ പരാതി നൽകി. വിഴിഞ്ഞം എസ്.ഐ എം.പ്രശാന്ത്, എസ്.സി പി .ഒ വി.യു.വിനയകുമാർ, സി.പി.ഒമാരായ ആർ.ആർ.റെജിൻ, ആദർശ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ മധുര തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നു പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
