റിയാദില്‍ മലയാളികളെ റൂമില്‍ കെട്ടിയിട്ട് മര്‍ദിച്ച്‌ വൻ കവര്‍ച്ച

സഊദി തലസ്ഥാനമായ റിയാദില്‍ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച്‌ മർദിച്ച്‌ വൻ കവർച്ച.റിയാദിലെ നസീമില്‍ താമസസ്ഥലം കുത്തിത്തുറന്ന് മലയാളി വ്യാപാരികളെ ആക്രമിച്ച സംഘം പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) കവർച്ചയാണ് നടത്തിയത്.

 

സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടിരി സ്വദേശി മൂച്ചിക്കുട്ടത്തില്‍ ഇസ്മായില്‍, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബില്‍, അബ്ദുല്‍ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. അല്‍ എർതിജാല്‍ സിഗരറ്റ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ.

 

റൂമിന് മുമ്പില്‍ പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനങ്ങള്‍ കുത്തിത്തുറന്ന് ആറു ലക്ഷം റിയാലിന്റെ സിഗരറ്റും മൂന്നു ലക്ഷം റിയാലും കവർച്ച നടത്തിയിട്ടുണ്ട്. ഇതേ ഫ്ലാറ്റില്‍ താമസിക്കുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40000 റിയാലും നഷ്ടമായി. ഇവിടെയുണ്ടായിരുന്ന മൊബൈലുകളും ലാപ്ടോപുകളും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ടൊയോട്ട ഹായിസ് വാനും കൊറോള കാറും നഷ്ടപ്പെട്ടിരുന്നു. മൊത്തം 10 ലക്ഷം റിയാലിന്റെ നഷ്ടമാണുള്ളത്. ടൊയോട്ട ഹെയ്സ് വാനും കൊറോള കാർ പിന്നീട് ജിപിഎസ് (GPS) സഹായത്തോടെ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചിലർ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം.

 

ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷമായിരുന്നു മോഷണം. പരുക്കേറ്റ മലയാളികളില്‍ ചിലർ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. പാക്കിസ്ഥാൻ, അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് നസീമിലെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയത്.

 

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഷംസീറും ഹാരിസും തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചു. വിദേശികള്‍ ഉള്‍പ്പെട്ട സംഘം നടത്തുന്ന കവർച്ചകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കണ്ണൂർ ജില്ല കെ.എം.സി.സി വെല്‍ഫെയർ വിംഗ് കണ്‍വീനർ ഇർഷാദ് കായക്കൂല്‍ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!