കോടഞ്ചേരി : ഇരുവഴിഞ്ഞിപ്പുഴയില്‍ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. മലപ്പുറം കീഴ്ശേരി സ്വദേശി ജെസ്ന (30)യാണ് മരിച്ചത്. അബ്ദുല്‍ ഖാദറിന്റെ ഭാര്യയാണ്.ജെസ്ന ഉള്‍പ്പെട്ട ഒമ്പതംഗ സംഘം സ്ഥലം കാണാനാണ് പ്രദേശത്ത് എത്തിയത്. രണ്ട് പുരുഷന്മാരും നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ട സംഘമാണ് ഇവിടെയെത്തിയത്.
വൈകീട്ടോടെ ഉള്‍വനത്തില്‍ മഴപെയ്തതിനെ തുടര്‍ന്ന് ഇരുവഴിഞ്ഞി പുഴയില്‍ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും കല്ലിന്റെ മുകളില്‍ ഇരിക്കുകയായിരുന്ന ജെസ്ന ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
മുക്കം അഗ്നിരക്ഷാസേനയും, കോടഞ്ചേരി പോലീസും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിൽ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
