ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

കൽപ്പറ്റ:ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലും പൊലീസ് റെയ്ഡ്. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി, സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം പുലർച്ചെ ഇവിടെ പരിശോധന നടത്തിയത്.

 

കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് ആന്റോ അഗസ്റ്റിനെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും സഹോദരൻ ജോസുകുട്ടി അഗസ്റ്റിൻ അവിടെയെത്തിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന വലിയ മദ്യശേഖരം കണ്ടെത്തിയത് കേസിൽ പുതിയ വഴിതിരിവായി. തുടർന്ന് പൊലീസിന്റെ വിവരമറിയിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

 

കേരളത്തിലെ നിയമപ്രകാരം ഒരാൾക്ക് ലൈസൻസോ പെർമിറ്റോ ഇല്ലാതെ മൂന്ന് ലിറ്റർ വിദേശമദ്യവും മൂന്നര ലിറ്റർ വൈനും, പരമാവധി 15 ലിറ്റർ മദ്യവും മാത്രമാണ് കൈവശം വെക്കാൻ അനുമതിയുള്ളത്. എന്നാൽ ഇതിനേക്കാൾ ഉയർന്ന അളവിൽ ഇവിടെ നിന്നും 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനുമാണ് പിടിച്ചെടുത്തത്. കേസിൽ അന്വേഷണവും റെയ്ഡുകളും പുരോഗമിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!