വേങ്ങര (മലപ്പുറം): വീട്ടുകാരെ പേടിപ്പിക്കാനായി കളിച്ച കളി കാര്യമായി, 11 കാരന് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഫ്‌നാസ് (11) ആണ് അബദ്ധത്തിൽ മരണപ്പെട്ടത്.
സ്കൂളിൽ പോവാൻ നേരം വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഇതിനിടെ കളി കാര്യമായി. കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു.
ഉടനെ കുന്നുംപുറത്തും കൊണ്ടോട്ടിയിലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്റഫിന്റെ മകനാണ് അഫ്‌നാസ്.
