ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര 3-0ത്തിന് തൂത്തുവാരി. മൂന്നാം പോരാട്ടത്തില്‍ ഇന്ത്യ 127 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് അടിച്ചെടുത്തു. ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 100 പോലും കടന്നില്ല. അവരുടെ പോരാട്ടം വെറും 14.1 ഓവറില്‍ വെറും 94 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യയുടെ വൈറ്റ്‌വാഷ്.
മികച്ച രീതിയില്‍ തുടങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്‍ പൊടുന്നനെ തകര്‍ന്നു. ഓപ്പണര്‍മാര്‍ 31 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ പിരിഞ്ഞു. പിന്നീട് ഒരറ്റത്ത് വിക്കറ്റുകള്‍ തുരുതുരെ വീണു. അക്ഷര്‍ പട്ടേല്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത തന്റെ ഓവറില്‍ താരത്തിന് രണ്ട് നിരാശകളുമുണ്ടായി. താരത്തിന്റെ പന്തില്‍ നൂര്‍ ഉള്‍ റഹ്മാന് രണ്ട് തവണ ജീവന്‍ തിരിച്ചു കിട്ടി. അക്ഷറിന്റെ പന്തില്‍ താരം നല്‍കിയ ക്യാച്ച് തിലക് വര്‍മ കൈവിട്ടു. പിന്നാലെ ഇതേ ഓവറിന്റെ മൂന്നം പന്തില്‍ നൂറിനെ സ്റ്റംപിങ് ചെയ്തു പുറത്താക്കാനുള്ള അവസരം സഞ്ജുവും വിട്ടുകളഞ്ഞു. ഈ രണ്ട് നിരാശപ്പെടുത്തുന്ന ഫീല്‍ഡിങ് മിസ്റ്റേക്ക് മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങിലും ബൗളിങിലും ഇന്ത്യ മികവ് പുലര്‍ത്തി.
3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്‌ണോയ്, നിതീഷ് കുമാര്‍ റെഡ്ഡി, 2 വിക്കറ്റെടുത്ത അക്ഷര്‍ പട്ടേല്‍, ഓരോ വിക്കറ്റെടുത്ത ജസ്പ്രിത് ബുംറ, യഷ് ഠാക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് അഫ്ഗാന്‍ തകര്‍ച്ച സാധ്യമാക്കിയത്. ഇന്ത്യക്കായി പന്തെറിഞ്ഞ അഞ്ച് പേരും വിക്കറ്റുകള്‍ സ്വന്തമാക്കി. നിതീഷ് ഒറ്റ ഓവറില്‍ 3 വിക്കറ്റുകളാണ് കൊയ്തത്. അക്ഷര്‍ ഒരോവറില്‍ 2 വിക്കറ്റും വീഴ്ത്തി. താരം 3 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
അഫ്ഗാന്‍ നിരയില്‍ 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാനാണ് 20 കടന്ന ഏക ബാറ്റര്‍. 15 റണ്‍സെടുത്ത റഹ്മാനുല്ല ഗുര്‍ബാസ്, 17 റണ്‍സെടുത്ത അസ്മതുല്ല ഒമര്‍സായ്, 11 റണ്‍സെടുത്ത നൂര്‍ റഹ്മാന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 221 റണ്‍സ്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ച്വറിയും തുടരെ രണ്ടാം അര്‍ധ സെഞ്ച്വറിയുമായി മലയാളി ഓപ്പണര്‍ സഞ്ജു സാംസണും കളം വാണതോടെ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ ഹതാശരായി. ഇരുവരും ചേര്‍ന്ന് 9.5 ഓവറില്‍ 142 റണ്‍സ് തൂക്കി.
ഓപ്പണര്‍മാര്‍ മടങ്ങിയ ശേഷം എത്തിയവരില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് സ്‌കോര്‍ ഈ നിലയിലേക്ക് എത്തിച്ചത്. ശ്രേയസ് 2 സിക്‌സുകള്‍ സഹിതം 20 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്തു. താരത്തെ നേരിട്ടുള്ള ഏറില്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാന്‍ റണ്ണൗട്ടാക്കി. നേരത്തെ ഇന്ത്യയുടെ തിലക് വര്‍മയെ മനോഹരമായ നേരിട്ടുള്ള ത്രോയില്‍ റാഷിദ് ഖാനും മടക്കിയിരുന്നു. അതേസമയം ഇന്ത്യന്‍ മധ്യനിര അതിവേഗം വീഴുന്ന കാഴ്ചയായിരുന്നു. ഫീല്‍ഡിങ് മികവില്‍ ഇന്ത്യന്‍ മധ്യനിരയെ പൊളിക്കാന്‍ അഫ്ഗാനു സാധിച്ചു.
ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിങ് എടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കായി മിന്നല്‍ തുടക്കമാണ് ഓപ്പണര്‍മാരായ സഞ്ജുവും അഭിഷേകും ചേര്‍ന്നു നല്‍കിയത്. മിന്നല്‍ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മയാണ് കളം അടക്കി വാണത്. താരം 30 പന്തില്‍ 100 റണ്‍സിലെത്തി. 10 സിക്‌സും 9 ഫോറും സഹിതമാണ് കത്തിയാളും ബാറ്റിങ്. സഹ ഓപ്പണര്‍ സഞ്ജു സാംസണും കട്ടയ്ക്ക് നിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം കുതിച്ചു. പന്തെടുത്ത എല്ലാ ബൗളര്‍മാരേയും ഇരുവരും ചേര്‍ന്ന് ശിക്ഷിക്കുന്ന കാഴ്ചയായിരുന്നു. 16 പന്തിലാണ് അഭിഷേക് അര്‍ധ സെഞ്ച്വറി എത്തിയത്. അടുത്ത 50ലേക്ക് താരത്തിന് വേണ്ടി വന്നത് 14 പന്തുകള്‍. അന്താരാഷ്ട്ര ടി20യില്‍ മൂന്നാം സെഞ്ച്വറിയാണ് താരം ഡല്‍ഹിയില്‍ നേടിയത്.
ടി20യില്‍ അതിവേഗ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. രോഹിത് ശര്‍മ 2017ല്‍ ശ്രീലങ്കക്കെതിരെ നേടിയ 35 പന്തില്‍ സെഞ്ച്വറിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് താരത്തിന്റെ മടക്കം.ഒടുവില്‍ 9.5 ഓവറില്‍ സ്‌കോര്‍ 142ല്‍ എത്തിയപ്പോഴാണ് അഫ്ഗാന് ശ്വാസം നേരെ വീണത്. റാഷിദ് ഖാന്റെ ബൗളിങിനു മുന്നില്‍ അഭിഷേക് വീണു. താരം 34 പന്തില്‍ 11 സിക്‌സും 9 ഫോറും സഹിതം 108 റണ്‍സുമായി മടങ്ങി. ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 59 പന്തില്‍ 142 റണ്‍സ്!
അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ സഞ്ജു 35 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സെടുത്തു മടങ്ങി. അഭിഷേക് സെഞ്ച്വറിക്കു പിന്നാലെ പുറത്തായിരുന്നു. അതിനിടെ ഇറങ്ങിയ തിലക് വര്‍മ 2 റണ്‍സില്‍ റണ്ണൗട്ടായും പുറത്തായി. പിന്നാലെയാണ് സഞ്ജു 50ല്‍ എത്തിയത്.സഞ്ജു സാംസണ്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറി അഭിഷേകിന് കടന്നാക്രമിക്കാന്‍ അവസരം കൊടുക്കുന്ന കാഴ്ചയാണ് തുടക്കത്തില്‍ കണ്ടത്. പിന്നാലെ താരം അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു.
ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാര്‍ രണ്ടാം ഓവറിലാണ് ടോപ് ഗിയറിലേക്ക് മാറിയത്. അസ്മതുല്ല ഒമര്‍സായ് എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സാണ് പിറന്നത്. ഇതില്‍ 16 റണ്‍സും അഭിഷേകിന്റെ വക. രണ്ട് സിക്‌സും ഒരു ഫോറും ഈ ഓവറില്‍ വന്നു. മൂന്നാം ഓവറില്‍ ഫസല്‍ഹഖ് ഫാറൂഖിക്കും കണക്കിനു കിട്ടി. താരത്തിന്റെ ആദ്യ പന്ത് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറിയ സഞ്ജു അഭിഷേകിനു തല്ലിത്തീര്‍ക്കാന്‍ അവസരമൊരുക്കുകയായിരുന്നു. ഫസല്‍ഹഖിന്റെ രണ്ടാം പന്തും മൂന്നാം പന്തും സിക്‌സര്‍ തൂക്കിയ അഭിഷേക് നാലും അഞ്ചും പന്തുകളില്‍ തുടരെ ഫോറും പറത്തി. ആറാം പന്തില്‍ 2 റണ്‍സും നേടി. മൂന്നാം ഓവറില്‍ പിറന്നത് 23 റണ്‍സ്!
